കണ്ണൂര്‍: അപകടങ്ങളെ അഭിമുഖീകരിക്കുന്ന സന്ദര്‍ഭങ്ങളില്‍ നിര്‍വ്വഹിക്കേണ്ട അടിയന്തര പരിചരണ സംവിധാനങ്ങളിലെ ഏറ്റവും നൂതനമായ രീതികളെ കുറിച്ച് ആഴത്തില്‍ ചര്‍ച്ച ചെയ്തുകൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി വിഭാഗം സംഘടിപ്പിച്ച ആസ്റ്റര്‍ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് പൂര്‍ത്തിയായി. ഉത്തര മലബാറില്‍ ആദ്യമായി നടന്ന ട്രോമ എമര്‍ജന്‍സിയുമായി ബന്ധപ്പെട്ട ഈ കോണ്‍ക്ലേവില്‍ വിവിധ ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പങ്കെടുത്തു.ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ കേരള, ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ശ്രീ. ഫര്‍ഹാന്‍ യാസിന്‍ ഭദ്രദീപം കൊളുത്തിക്കൊണ്ട് കോണ്‍ക്ലേവിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ചുള്ള പഠന ക്ലാസ്സുകള്‍, ശില്‍പ്പശാലകള്‍, പരസ്പര സംവാദങ്ങള്‍, പ്രാക്ടിക്കല്‍ സെഷനുകള്‍ മുതലായവ രണ്ട് ദിവത്തെ കോണ്‍ക്ലേവിന്റെ ഭാഗമായി നടന്നു. എമര്‍ജന്‍സി മെഡിസിന്‍ എന്ന സങ്കല്‍പ്പത്തെ കേരളത്തിന് പരിചയപ്പെടുത്തുകയും അതിന്റെ വ്യാപനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്ത ഡോ. വേണുഗോപാലന്‍ പി. പി. യെ ചടങ്ങില്‍ വെച്ച് ആദരിച്ചു. എമർജൻസി മെഡിസിൻ കണ്ണൂർ ഹെഡ് ഡോക്ടർ ജിനേഷ് കോണ്‍ക്ലേവിന് നേതൃത്വം നൽകി. ഡോ. സൂരജ് (സി എം എസ്, ആസ്റ്റര്‍ മിംസ് കണ്ണൂര്‍), ഡോ. സുപ്രിയ (ഡെപ്യൂട്ടി സി എം എസ്), കാർഡിയോവസ്കുലാർ സർജൻ പ്രസാദ് സുരേന്ദ്രൻ, ഡോ. മുരളി ഗോപാല്‍, ഡോ. ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു.