കണ്ണൂര്‍: ജില്ലയിലെ രാഷ്ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക, ട്രേഡ് യൂനിയന്‍ രംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന കെ.ടി അബ്ദുല്ല ഹാജിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ കര്‍മശ്രേഷ്ഠാ അവാര്‍ഡിന്, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടരി അബ്ദുറഹ്‌മാന്‍ കല്ലായിയെ തെരഞ്ഞെടുത്തതായി അവാര്‍ഡ് നിര്‍ണയ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുസ്‌ലിംലീഗ്, ട്രേഡ് യൂനിയന്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് നിസ്തുലമായ സംഭാവനകളര്‍പ്പിച്ച, ജില്ലാ പഞ്ചായത്ത് മെമ്പറും നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന കെ.ടി അബ്ദുല്ല ഹാജിയുടെ സ്മരണ നിലനിര്‍ത്താന്‍ പാറപ്പുറം ശാഖാ മുസ്‌ലിംലീഗ് കമ്മിറ്റിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 10001 രൂപയും പ്രശസ്തിപത്രവും ശിലാഫലകവുമടങ്ങിയ അവാര്‍ഡ്, സെപ്തംബര്‍ ആദ്യവാരം സമ്മാനിക്കും.
ചന്ദ്രിക കണ്ണൂര്‍ യൂണിറ്റ് ഗവേണിംഗ് ബോഡി ചെയര്‍മാനും സര്‍ സയ്യിദ് കോളജ് വൈസ് പ്രസിഡന്റുമാണ്. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടരി, മട്ടന്നൂർ സംയുക്ത ജമാഅത്ത് സെക്രട്ടറി, മട്ടന്നൂര്‍ ബി.എഡ് കോളജ് ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിക്കുന്നു.ജില്ലയില്‍ മുസ്‌ലിംലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ഇ. അഹമ്മദ് സാഹിബ്, സി.കെ.പി ചെറിയ മമ്മു കേയി, ഒ.കെ മുഹമ്മദ്കുഞ്ഞി സാഹിബ്, വി.പി മഹമൂദ് ഹാജി എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന അബ്ദുറഹ്‌മാന്‍ കല്ലായി പാര്‍ട്ടി സന്ദേശം പ്രചരിപ്പിക്കുവാന്‍ അക്ഷീണം പ്രയത്‌നിച്ച നേതാവാണെന്ന് ജൂറി വിലയിരുത്തി.
പ്രഥമ കെ ടി അബ്ദുല്ല ഹാജി കർമശ്രേഷ്ഠ പുരസ്‌കാരം വി കെ അബ്ദുൽഖാദർ മൗലവിക്കായിരുന്നു സമ്മാനിച്ചത്.വാര്‍ത്താ സമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ അഡ്വ.പി.വി സൈനുദ്ദീന്‍, അംഗങ്ങളായ കബീര്‍ കണ്ണാടിപ്പറമ്പ്, സി ആലിക്കുഞ്ഞി, അഷ്‌കര്‍ കണ്ണാടിപ്പറമ്പ് സംബന്ധിച്ചു.