18 മിനിറ്റ് വായിച്ചു

അഴീക്കോടന്‍ രാഘവന്‍റെ 53-ാം രക്തസാക്ഷിദിനം സപ്തംബര്‍ 23ന്

അഴീക്കോടന്‍ രാഘവന്‍റെ 53-ാം രക്തസാക്ഷിദിനമായ സപ്തംബര്‍ 23ന് പാര്‍ട്ടി ഓഫീസുകളില്‍ പതാക ഉയര്‍ത്തിയും അലങ്കരിച്ചും അനുസ്മരണ യോഗങ്ങള്‍ സംഘടിപ്പിച്ചും ആചരിക്കുമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രസ്താവനയിലൂടെ പറഞ്ഞു. ഇത്തവണ അഴീക്കോടന്‍ അനുസ്മരണ പരിപാടികള്‍ വലതുപക്ഷ മാധ്യമങ്ങളുടെയും യുഡിഎഫ്-ബിജെപി രാഷ്ട്രീയക്കാരുടെയും കേരള വിരുദ്ധ ഗൂഢാലോചന തുറന്നുകാട്ടാനുള്ള ക്യാമ്പയിൻ പരിപാടിയായിട്ടാണ് സംഘടിപ്പിക്കുന്നത്. സെപ്തംബര്‍ 23ന് തിങ്കളാഴ്ച രാവിലെ 8.30ന് പയ്യാമ്പലത്ത് രക്തസാക്ഷി സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. പി.കെ. ശ്രീമതി ടീച്ചര്‍, ഇ.പി. ജയരാജന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. വൈകുന്നേരം 80 ഓളം കേന്ദ്രങ്ങളില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എം വി ജയരാജൻ പറഞ്ഞു.കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍റെ പ്രേരണയോടെ തീവ്രവാദി വിഭാഗക്കാരാണ് 1972ല്‍ തൃശ്ശൂരില്‍ വച്ച് അഴീക്കോടനെ കൊലപ്പെടുത്തിയത്. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ അഴീക്കോടന്‍റെ ആദ്യകാല ജീവിതം കഷ്ടപ്പാടുകള്‍ മാത്രം നിറഞ്ഞതായിരുന്നു. സൈക്കിള്‍ഷോപ്പില്‍ തൊഴിലാളിയായും ബീഡി തൊഴിലാളിയായും പ്രവര്‍ത്തിച്ചുകൊണ്ടാണ് തൊഴിലാളി നേതാവായി പൊതുരംഗത്തെത്തിയത്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും സജീവമായി പ്രവര്‍ത്തിച്ചു. 1956ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. സിപിഐ(എം) രൂപംകൊണ്ടതിന് ശേഷം സംസ്ഥാന സെക്രട്ടറിയേറ്റംഗമായും 1967ല്‍ ഐക്യമുന്നണി ഏകോപന സമിതി കണ്‍വീനറായും കെ.എസ്.ആര്‍.ടി.സി. തൊഴിലാളി യൂണിയന്‍ നേതാവായും ധീരമായി നേതൃത്വം നല്‍കി.

അഴീക്കോടന്‍ ജീവിച്ചിരുന്നപ്പോള്‍ ‘അഴിമതിക്കോടന്‍’ എന്ന് ആക്ഷേപിച്ചിരുന്ന രാഷ്ട്രീയ എതിരാളികള്‍ക്ക് മരണപ്പെട്ടതിന് ശേഷമാണ് അദ്ദേഹത്തെയും കുടുംബത്തെയും തിരിച്ചറിയാന്‍ കഴിഞ്ഞത്. ഒരു കൊച്ചുവീട്ടിലായിരുന്നു അഴീക്കോടന്‍ താമസിച്ചിരുന്നത്. ഈ തിരിച്ചറിവിലൂടെയാണ് രാഷ്ട്രീയ എതിരാളികള്‍ക്ക് തിരുത്തിപ്പറയേണ്ടിവന്നത്. ഇപ്പോള്‍ സിപിഐ(എം) നേതാക്കള്‍ക്കും മുഖ്യമന്ത്രിക്കും കുടുംബത്തിനും സര്‍ക്കാറിനുമെതിരെ വ്യാജവാര്‍ത്തകള്‍ ചമക്കുന്നവര്‍ അഴീക്കോടന്‍റെ ചരിത്രം പരിശോധിക്കുന്നത് നന്നായിരിക്കും. വയനാട് പുനരധിവാസ പദ്ധതി അട്ടിമറിക്കാന്‍ കള്ളവാര്‍ത്തകള്‍ സൃഷ്ടിച്ചവരുടെ ഇടതുപക്ഷ വിരുദ്ധത ഇപ്പോള്‍ കേരള വിരുദ്ധതയായി മാറി. ചില മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും കോണ്‍ഗ്രസ്സും ബിജെപിയും വ്യാജവാര്‍ത്ത ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ വിരുദ്ധ പ്രചാരവേല സംഘടിപ്പിക്കുകയാണ്. യുഡിഎഫ് സര്‍ക്കാറിന്‍റെ കാലത്ത് വയനാടിനുവേണ്ടി ഇപ്പോള്‍ നിവേദനം സമര്‍പ്പിച്ചതുപോലെ പ്രതീക്ഷിത ചിലവ് കണക്കാക്കിയാണ് കേന്ദ്രസര്‍ക്കാറില്‍ നിവേദനം സമര്‍പ്പിച്ചത് എന്ന സത്യം പുറത്തുവന്നിട്ടും മലര്‍ന്നുകിടന്ന് തുപ്പുന്നതുപോലെയാണ് ഇക്കൂട്ടര്‍ സമരാഭാസങ്ങള്‍ നടത്തുന്നത്. രാഷ്ട്രീയ പ്രബുദ്ധരായ മലയാളികള്‍ ഇതൊക്കെ തിരിച്ചറിയുമെന്നും എം വി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version