തളിപ്പറമ്പ് കുറ്റിക്കോലിൽ വാഹനാപകടത്തിൽ മരിച്ച നഴ്സ് ജോബിയ ജോസഫിന്റെ മരണ വീട്ടിലെത്തിയ യുവതി മകന്റെ സ്വർണാഭരണം കവർന്നു. ജോബിയയുടെ സുഹൃത്തായി ചമഞ്ഞായിരുന്നു തട്ടിപ്പ്. പൊലീസിന്റെ സമർഥമായ അന്വേഷണത്തിൽ പിടിയിലായ യുവതിയെ ജോബിയയുടെ ബന്ധുക്കള്‍ മാപ്പ് നല്‍കിയതിനെത്തുടര്‍ന്ന് താക്കീത് നൽകി വിട്ടയച്ചു.
ദേശീയപാതയില്‍ തളിപ്പറമ്പ് കുറ്റിക്കോലിൽ കഴിഞ്ഞ 29ന് വൈകീട്ട് സ്വകാര്യ ബസ് മറിഞ്ഞ് കണ്ണൂർ മിംസ് ആശുപത്രിയിലെ നഴ്സും നെല്ലിക്കുറ്റി ഏറ്റുപാറയിലെ ചക്കാങ്കല്‍ നിധിന്റെ ഭാര്യയുമായ ജോബിയ ജോസഫ്(28) മരിച്ചത്. അന്ന് വീട്ടിലെത്തിയ യുവതി സങ്കട ഭാവം നടിക്കുകയും ഏറെ സമയം ജോബിയയുടെ രണ്ടു വയസ്സുള്ള മകന് എയ്ബലിനെ എടുത്തു നടക്കുകയും ചെയ്തു. പിന്നീട് കുഞ്ഞിനെ ബന്ധുവായ സ്ത്രീ ഏറ്റുവാങ്ങി. ഈസമയം കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന മാല കൊളുത്തഴിഞ്ഞ നിലയില്‍ വസ്ത്രത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു.
എന്നാല്‍ അന്ന് ആര്‍ക്കും സംശയം തോന്നിയില്ല. ജോബിയയുടെ കൂടെ ജോലി ചെയ്യുന്ന തനിക്ക് ഏറ്റവും പ്രിയപ്പെട്ടവളാണ് അവളെന്നായിരുന്നു യുവതി വീട്ടുകാരോട് പറഞ്ഞത്.മൃതദേഹം അടക്കംചെയ്ത പിറ്റേ ദിവസവും ഒരു സ്കൂട്ടറിൽ യുവതി വീട്ടിലെത്തി. അന്നും കുഞ്ഞിനെ ഏറെ സമയം എടുത്തു നടക്കുകയും വൈകുന്നേരത്തോടെ തിരിച്ചുപോവുകയും ചെയ്തു. പിന്നീടാണ് കുഞ്ഞിന്റെ ഒന്നര പവന്റെ അരഞ്ഞാണം കാണാനില്ലെന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
അപ്പോഴാണ് കഴിഞ്ഞ ദിവസം കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന മാല കൊളുത്ത് ഊരിയനിലയില്‍ വസ്ത്രത്തില്‍ കുടുങ്ങിക്കിടന്ന കാര്യം ബന്ധുവായ സ്ത്രീ വെളിപ്പെടുത്തിയത്.ഇതോടെ സംശയം തോന്നിയ വീട്ടുകാര്‍ വീടും പരിസരവും തിരച്ചിൽ നടത്തിയശേഷം കുടിയാന്മല പൊലീസില്‍ പരാതി നല്കി. മരണവീട്ടിൽ വന്നവരെപറ്റി വ്യക്തതയില്ലാത്തതിനാൽ യുവതി കുഞ്ഞിനെയെടുത്ത കാര്യം പറഞ്ഞതോടെ സംശയം വർധിച്ചു.
ഇതോടെ പൊലീസ് പ്രദേശത്തെ സി.സി ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. നെല്ലിക്കുറ്റി ബാങ്കിന്റെ സി.സി ടി.വിയില്‍നിന്ന് സ്കൂട്ടറിൽ പോകുന്ന യുവതിയുടെ ദൃശ്യം ലഭിച്ചു.ഫോട്ടോ കാണിച്ചതോടെ വീട്ടിലെത്തിയ യുവതിയാണെന്ന് ബന്ധുക്കൾ ഉറപ്പിച്ചു. നമ്പര്‍ വ്യക്തമായതിനെത്തുടര്‍ന്ന് സ്കൂട്ടർ ഉടമസ്ഥയായ യുവതിയെ കണ്ടെത്തുകയും എസ്.ഐ നിബിന് ജോയിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ചോദ്യംചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. കരുവഞ്ചാലിനടുത്ത ഒരു ഗ്രാമത്തിലാണ് 22കാരിയായ യുവതി താമസിക്കുന്നത്. എന്നാല്‍ ജോബിയയുടെ മരണത്തിൽ സങ്കടത്തിലായിരുന്ന വീട്ടുകാര്‍ മോഷണം നടത്തിയ യുവതിക്ക് മാപ്പ് നല്കാന് തയാറായി. യുവതി അരഞ്ഞാണം തളിപ്പറമ്പിലെ ഒരു ജ്വല്ലറിയിലായിരുന്നു വിറ്റത്. അവര്‍ അരഞ്ഞാണം ഉരുക്കിയതിനാൽ പകരം മറ്റൊരു അരഞ്ഞാണം നല്കുകയാണുണ്ടായത്.
തുടര്‍ന്ന് വീട്ടുകാരെ വിളിച്ചുവരുത്തി യുവതിയെ താക്കീത് നല്കി വിടുകയായിരുന്നു. മറ്റു ചിലയിടങ്ങളിലും സമാന തട്ടിപ്പ് നടത്തിയെങ്കിലും പരാതി ഉണ്ടാവാത്തതിനാലാണ് പിടിയിലാകാതിരുന്നത്. മരണ വീടുകളിലും മറ്റും ഇത്തരം തട്ടിപ്പ് നടക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പറഞ്ഞു.