//
12 മിനിറ്റ് വായിച്ചു

50 ഏക്കര്‍ ഭൂമി, 270 പവന്‍ സ്വര്‍ണ്ണം;ബാലകൃഷ്ണപിള്ളയുടെ കോടികളുടെ സ്വത്തിൽ മൂന്നിലൊന്ന് വേണമെന്ന് മകള്‍

മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ സ്വത്ത് സംബന്ധമായ തര്‍ക്കം പരിഹരിക്കാന്‍ കോടതി നിര്‍ദേശപ്രകാരം ബുധനാഴ്ച നടന്ന മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ കൊട്ടാരക്കര സബ് കോടതി കേസില്‍ വിശദമായ വാദം കേള്‍ക്കും. ബാലകൃഷ്ണപ്പിള്ളയുടെ പേരിലുള്ള വസ്തുവകകളുടെ മൂന്നിലൊന്ന് ഭാഗം വേണമെന്നാണ് മൂത്തമകള്‍ ഉഷ മോഹന്‍ദാസിന്റെ ആവശ്യം. സഹോദരങ്ങളായ ബിന്ദു ബാലകൃഷ്ണന്‍, കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.ഏപ്രില്‍ ആറിന് നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഉഷ തന്റെ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടി പറയാന്‍ ഗണേഷ്‌കുമാര്‍ സമയം ചോദിച്ചിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച ചര്‍ച്ച നടന്നത്. ഈ ചര്‍ച്ചയില്‍ വിട്ടുവീഴ്ചക്ക് ഗണേഷ്‌കുമാര്‍ തയ്യാറായില്ല. പിതാവിന്റെ പേരില്‍ വ്യാജവില്‍പത്രം തയ്യാറാക്കിയെന്ന ഹര്‍ജിയുമായാണ് ഉഷ കോടതിയിലെത്തിയത്. വില്‍പത്രം വ്യാജമല്ലെന്ന് തെളിയിക്കേണ്ട ബാധ്യതയുള്ളതിനാല്‍ കോടതിയില്‍ കേസ് നടക്കട്ടെ എന്ന നിലപാടാണ് ഉഷ സ്വീകരിക്കുന്നത്. ഇതോടെ മധ്യസ്ഥ ചര്‍ച്ച അവസാനിച്ചു. മധ്യസ്ഥ ചര്‍ച്ച നടത്തിയ അഡ്വ. എന്‍. സതീഷ്ചന്ദ്രന്‍ കോടതിക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറും.ബാലകൃഷ്ണപ്പിള്ളയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ടെന്ന് കോടതിയില്‍ ഉഷ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 33 വസ്തു വകകളുടെ പൂര്‍ണ വിവരങ്ങള്‍ മകള്‍ ഉഷ കൊട്ടാരക്കര സബ് കോടതിയില്‍ ഹാജരാക്കിയ സത്യവാങ്മൂലത്തിലുണ്ട്. വാളകം, കൊട്ടാരക്കര, അറയ്ക്കല്‍, ചക്കുവരക്കല്‍, ഇടമുളക്കല്‍ വില്ലേജുകളിലെ 29 ഇടങ്ങളിലായി 50 ഏക്കറോളം സ്ഥലം ഉണ്ട്. മിക്ക സ്ഥലങ്ങളും ഉയര്‍ന്ന വില ലഭിക്കുന്ന പ്രദേശങ്ങളാണ്. കൊടൈക്കനാലില്‍ ഇരുനില കെട്ടിടം, വാളകത്തെ രാമവിലാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, മാര്‍ത്താണ്ഡന്‍കര തിങ്കള്‍കരിക്കകത്ത് സ്‌കൂള്‍, അറക്കല്‍ വില്ലേജില്‍ രാമവിലാസം ബിഎഡ് കോളേജ് എന്നിവയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 270 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പിതാവിന്റെ പേരിലുണ്ടെന്ന് ഉഷ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version