ഗുജറാത്ത് കലാപം പരാമർശിക്കുന്ന ബിബിസിയുടെ ഡോക്യൂമെന്ററിക്ക് ഏർപ്പെടുത്തിയ വിലക്കിന്മേൽ സുപ്രീം കോടതിയിൽ ഹർജി. സുപ്രീം കോടതി അഭിഭാഷകനായ അഡ്വക്കേറ്റ് എം എൽ ശർമയാണ് പൊതുതാത്പര്യ ഹർജി നൽകിയത്. ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററി സുപ്രീം കോടതി പരിശോധിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. കൂടാതെ, ഡോക്യുമെന്ററി ലിങ്കുകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് പിൻവലിക്കണമെന്ന് ട്വിറ്ററിനോടും യൂട്യൂബിനോടും ആവശ്യപ്പെട്ട് ഉത്തരവിറക്കിയ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നടപടി റദ്ധാക്കണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. അടിയന്തരവസ്ഥ പ്രഖ്യാപിക്കാതെ മൗലികാവകാശമായ മാധ്യമസ്വാതന്ത്ര്യം നിയന്തിക്കാൻ സർക്കാരിന് കഴിയുമോ എന്ന് പരിശോധിക്കണമെന്ന് ഹർജി ആവശ്യം ഉന്നയിക്കുന്നു.