കൊല്ലത്ത് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കുള്ള ഫണ്ട് പിരിവിനിടെ അക്രമമെന്ന് പരാതി. സംഭാവന കുറഞ്ഞുപോയെന്ന പേരില്‍ തന്റെ കട പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമിച്ചെന്ന് കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരി അനസ് ആരോപിച്ചു. രണ്ടായിരം രൂപ കോണ്‍ഗ്രസ് നേതാക്കള്‍ രസീത് എഴുതി. അഞ്ഞൂറ് രൂപ മാത്രമേ തരാന്‍ കഴിയൂ എന്ന് പറഞ്ഞതോടെ പ്രകോപിതരായി സാധനങ്ങള്‍ വലിച്ചെറിയുകയായിരുന്നെന്നും അനസ് പറഞ്ഞു.
അനസ് പറഞ്ഞത്
‘ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ഒരു സംഘം കോണ്‍ഗ്രസുകാര്‍ കടയില്‍ വന്നു. 500 രൂപ പിരിവുകൊടുത്തപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞു. രണ്ടായിരം രൂപ നിര്‍ബന്ധമായും വേണമെന്ന് പറഞ്ഞു. കടയില്‍ അക്രമമുണ്ടാക്കി.
ത്രാസ് അടിച്ചുപൊട്ടിച്ചു. സ്റ്റാഫിനെ മര്‍ദ്ദിച്ചു. പച്ചക്കറി വാങ്ങാനെത്തിയ സ്ത്രീകളെ അസഭ്യം പറഞ്ഞു. സാധനങ്ങള്‍ വാരിയെറിഞ്ഞ് നാശനഷ്ടമുണ്ടാക്കി.സഹിക്കാന്‍ പറ്റാത്ത ആക്രമണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നുമുണ്ടായത്. കുന്നിക്കോട് ‘ഷാമിയാസ് വെഡ്ഡിങ്ങി’ന്റെ ഉടമസ്ഥന് ഷമീറാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്.’
അതേസമയം ഭാരത് ജോഡോ യാത്രക്ക് പുറമെ ‘ഗുജറാത്ത് മുതല്‍ അരുണാചല്‍ വരെ’ അടുത്ത യാത്ര പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. അടുത്ത വർഷം ആദ്യം യാത്ര തുടങ്ങുമെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് കൊല്ലത്ത് പറഞ്ഞു. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള 150 ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ യാത്ര ഒരാഴ്ച തികയുമ്പോഴാണ് പുതിയ യാത്ര പ്രഖ്യാപിക്കുന്നത്.
പടിഞ്ഞാറ് ഗുജറാത്ത് മുതൽ കിഴക്ക് അരുണാചൽ പ്രദേശ് വരെയാണ് യാത്ര നടത്തുക. ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്നും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും ജയറാം രമേശ് പറഞ്ഞു.