കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവന നല്കി മെട്രോ മാന്‍ ഇ ശ്രീധരന്. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗമാണ് ശ്രീധരന്. പൊന്നാനി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാറിനും മണ്ഡലം പ്രസിഡണ്ട് എന്‍ പി നബീലിനുമാണ് അദ്ദേഹം സംഭാവന കൈമാറിയത്.
സംഭാവന കൂപ്പണ്‍ സ്വീകരിച്ച ശേഷം അദ്ദേഹം ഭാരത് ജോഡോ യാത്രയെക്കുറിച്ചുള്ള കാര്യങ്ങള്‍ ആരാഞ്ഞതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പൊന്നാനിയിലാണ് ഇ ശ്രീധരന്റെ വീട്.ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നും മത്സരിച്ച ഇ ശ്രീധരന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയോട് പരാജയപ്പെടുകയായിരുന്നു.
ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിച്ചിരിക്കുകയാണ്. രാവിലെ 6.30 ന് പുലാമന്തോള്‍ പാലം വഴി ജില്ലയിലേക്ക് പ്രവേശിച്ച യാത്രക്ക് വന്‍ സ്വീകരണാണ് നല്‍കിയത്. പുലാമന്തോള്‍ ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന യാത്ര ഉച്ചയ്ക്ക് 12 ഓടെ പെരിന്തല്‍മണ്ണ പൂപ്പലത്ത് ഉച്ചഭക്ഷണത്തിനും ശേഷം പട്ടിക്കാട് നിന്നും ആരംഭിച്ച് വൈകിട്ട് 7 ന് പാണ്ടിക്കാട് സമാപിക്കും.
തച്ചിങ്ങനാടം ഹൈസ്ക്കൂളിലാണ് രാത്രി വിശ്രമം.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലെ പ്രതിനിധി സംഘം കണ്ട് ചര്‍ച്ച നടത്തും. യാത്ര പെരിന്തല്മണ്ണയിലെത്തുമ്പോഴാണ് നേതാക്കള്‍ കാണുക. ഉന്നതാധികാര സമിതിയംഗങ്ങള്‍ പങ്കെടുക്കും. ദേശീയസംസ്ഥാന രാഷ്ട്രീയ വിഷയങ്ങള്‍ രാഹുലുമായി ചര്‍ച്ച ചെയ്യും.