ചരിത്ര വിജയം നേടിയ ഗുജറാത്തിൽ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ തന്നെ മുഖ്യമന്ത്രിയായി തുടരും. ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് ഇദ്ദേഹത്തെ മാറ്റേണ്ടെന്ന് തീരുമാനിച്ചത്. ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ നടത്തുക. ഗുജറാത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവുമായാണ് ബി.ജെ.പി അധികാരത്തിലെത്തിയത്.
ആകെ പോൾ ചെയ്തതിൽ 52 ശതമാനം വോട്ടും നേടിയാണ് ബിജെപി ഇക്കുറി അധികാരത്തിലേക്ക് കടക്കുന്നത്. ഏറ്റവും കൂടുതൽ കാലം ഒരു സംസ്ഥാനം തുടർച്ചയായി ഭരിച്ചതിന്റെ സിപിഎം റെക്കോർഡ് കൂടെ ഇതോടെ ബിജെപിയുടെ പക്കലേക്ക് മാറും. അടുത്ത അഞ്ച് വർഷക്കാലം സംസ്ഥാനത്ത് അധികാരം നിലനിർത്തിയാൽ ബിജെപിയാകും ഈ റെക്കോർഡിന്റെ അവകാശികൾ.
മികച്ച വിജയം കൈവരിച്ച ഗുജറാത്തിലെ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഗുജറാത്ത് ബി ജെ പി അധ്യക്ഷൻ സി ആർ പാട്ടീൽ തെരഞ്ഞെടുപ്പ് വിജയം മോദി മാജിക് എന്ന് വിശേഷിപ്പിച്ചു. ഇന്ന് വൈകീട്ട് ആറ് മണിക്ക് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും.