കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസിൽ സിബിഐ പ്രതിചേർത്ത മുൻ എംഎൽഎ കെ വി കുഞ്ഞിരാമന്‍ അടക്കമുള്ളവരോട് കൊച്ചി സിബിഐ കോടതിയിൽ ഹാജരാവാൻ നിർദേശം. ഈ മാസം 15ന് ഹാജറാകണമെന്നാണ് എറണാകുളം സിജെഎം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. സിബിഐ പ്രതി ചേർത്ത മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി കെ വി ഭാസ്കരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി, ഇപ്പോൾ ജാമ്യത്തിലുള്ള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ മണികണ്ഠൻ, സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം ബാലകൃഷ്ണൻ, മണി എന്നിവർക്കാണ് നോട്ടീസ് നൽകിയത്. കേസിൽ മൊത്തം 24 പ്രതികളാണുള്ളത്. ഇതിൽ 19 പേരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായ സന്ദീപ് ഇപ്പോൾ ഗൾഫിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സിബിഐ.പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കെ വി കുഞ്ഞിരാമൻ കേസിലെ ഇരുപതാം പ്രതിയാണ്. 14 പ്രതികളെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ് ഉൾപ്പെടെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തത്. 2019 ഫെബ്രുവരി 17 നാണ് പെരിയയിൽ യുവാക്കളെ കൊലപ്പെടുത്തുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കൊച്ചി സിജെഎം കോടതിയിൽ കുറ്റപത്രം നൽകിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പെരിയ കേസ് സിബിഐ ഏറ്റെടുക്കുന്നത്.