ന്യൂഡൽഹി | ഒക്ടോബർ മുതൽ വിവിധ സേവനങ്ങൾക്ക് രേഖയായി ജനന സർട്ടിഫിക്കറ്റ് ഉപയോഗിക്കാം. കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ പാർലമെന്റ് പാസാക്കിയ ജനന – മരണ (ഭേദഗതി – 2023) രജിസ്ട്രേഷൻ നിയമം 2023 ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, ഡ്രൈവിങ് ലൈസൻസ്, ആധാർ നമ്പർ, പാസ്പോർട്ട്, വിവാഹ രജിസ്ട്രേഷൻ തുടങ്ങിയ വിവിധ സേവനങ്ങൾക്ക് ഒറ്റരേഖയായി ഇനി ജനന സർട്ടിഫിക്കറ്റ് മാത്രം സമർപ്പിച്ചാൽ മതി. ക്ഷേമ പദ്ധതികൾ, പൊതു സേവനങ്ങൾ, ഡിജിറ്റൽ രജിസ്ട്രേഷൻ എന്നിവ സുതാര്യവും കാര്യക്ഷമമായും നിർവഹിക്കാൻ ഇത് സഹായിക്കുമെന്ന് വിജ്ഞാപനത്തിൽ പറഞ്ഞു. ജനന – മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട 1969-ലെ നിയമം ആയിരുന്നു സർക്കാർ ഭേദഗതി ചെയ്തത്.