ന്യൂഡൽഹി> മധ്യപ്രദേശിലെ സിധി ജില്ലയിൽ ദളിത് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബിജെപി നേതാവ് അറസ്റ്റിലായി. ചൊവ്വ രാത്രി പിടിയിലായ പ്രതി പ്രവേശ് ശുക്ലയ്ക്കെതിരെ ദേശീയ സുരക്ഷാ നിയമം, പട്ടികജാതി– വർഗ നിയമങ്ങൾ എന്നിവ ചുമത്തി കേസെടുത്തു. നിലത്തിരിക്കുന്ന ദളിത് യുവാവിന്റെ മുഖത്ത് പുക വലിച്ചുകൊണ്ട് പ്രതി മൂത്രമൊഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വ്യാപക പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്.
ബിജെപി എംഎൽഎ കേദർനാഥ് ശുക്ലയുടെ അടുത്ത സഹായികൂടിയാണ് പ്രവേശ് ശുക്ല. ഇതാണോ ബിജെപിയുടെ ഗോത്രവർഗ സ്നേഹമെന്നും ഇത് ജംഗിൾ രാജാണെന്നും കോൺഗ്രസ് വക്താവ് ഹഫീസ് ട്വിറ്ററിൽ പ്രതികരിച്ചു. അതേസമയം, സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു.