ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വർണ പ്രതിമ ഒരുക്കുകയാണ് ഒരു ജ്വല്ലറി ഉടമ. 11 ലക്ഷം രൂപ മുടക്കിയാണ് 18 കാരറ്റ് സ്വർണത്തിൽ മോദിയുടെ അർധകായ പ്രതിമ ഒരുക്കിയിരിക്കുന്നത്.
156ഗ്രാം(19.5 പവന്‍) തൂക്കം വരുന്ന സ്വർണപ്രതിമയാണ് സൂറത്തിലെ രാധിക ചെയിൻസ് ജ്വല്ലറി നിർമ്മിച്ചിരിക്കുന്നത്. 4.5 ഇഞ്ച് നീളവും 3 ഇഞ്ച് വീതിയുമാണ് പ്രതിമക്കുള്ളത്. മൂന്നു മാസം കൊണ്ട് 15 പേര്‍ ചേർന്നാണ് പ്രതിമ നിർമ്മിച്ചത്. ഡിസംബറിൽ പ്രതിമയുടെ നിർമ്മാണം പൂർത്തിയായെങ്കിലും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതിമയിൽ കുറച്ച് മാറ്റങ്ങൾ വരുത്താനായി വീണ്ടും നിർമ്മാണത്തിനായി കൊണ്ടുപോയി.രാജസ്ഥാന്‍ സ്വദേശിയായ ബാസന്ത് ബോറയുടെ ജ്വല്ലറി ഫാക്ടറിയിലാണ് പ്രതിമയുടെ നിർമ്മാണം നടന്നത്. മുൻപ് യുഎസിലെ സ്വാതന്ത്ര്യ പ്രതിമയുടെ മാതൃകയും ബാസന്ത് ബോറ നിർമ്മിച്ചിരുന്നു.