കണ്ണൂർ: യുവതിയുടെ ചെറുകുടലിൽ തറച്ച ഹിജാബ് സേഫ്റ്റി പിൻ ശസ്ത്രക്രിയയില്ലാതെ എൻഡോസ്കോപ്പിയിലൂടെ നീക്കം ചെയ്തു ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർ.
ഇക്കഴിഞ്ഞ ദിവസമാണ് കണ്ണൂർ ചാല സ്വദേശിനിയായ യുവതി കടുത്ത വയറു വേദനയുമായി അത്യാഹിത വിഭാഗത്തിൽ എത്തിയത്. വസ്ത്രം ശരിയാക്കുന്നതിനിടെ യുവതി കടിച്ചുപിടിച്ച സേഫ്റ്റി പിൻ അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. ഏതാനും മണിക്കൂറിനുള്ളിൽ വയറ്റിൽ വേദനയുണ്ടാകുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ പിൻ ചെറുകുടലിൽ തറച്ചതായി കണ്ടെത്തി. പിന്നീട്, വിദഗ്ധ ഡോക്റ്റർമാരുടെ സംഘം നിർദേശിച്ച പ്രകാരം എൻഡോസ്കോപ്പിയിലൂടെ സൂചി പുറത്തെടുക്കുകയായിരുന്നു.
ചെറുകുടലിലെത്തുന്ന മൂർച്ചയേറിയ വസ്തുക്കൾ ശസ്ത്രക്രിയയില്ലാതെ നീക്കം ചെയ്യുന്നത് അപൂർവമാണ്. സീനിയർ കൺസൽട്ടന്റ് ഡോക്ടർ അതുൽ ഹരീന്ദ്രന്റെ നേതൃത്വത്തിലാണ് യുവതിയുടെ ചെറുകുടലിൽനിന്ന് എൻഡോസ്കോപ്പി വഴി സൂചി നീക്കം ചെയ്തത്.
മൂർച്ചയേറിയ വസ്തുക്കൾ കടിച്ചു പിടിച്ച് വസ്ത്രം ശരിയാക്കുമ്പോൾ ഇത്തരം അപകടങ്ങൾക്ക് സാധ്യത ഏറെയാണെന്നും സൂചി പോലുള്ള വസ്തുക്കൾ വായിൽ വയ്ക്കുന്നത് ഒഴിവാക്കേണ്ടതാണെന്നും ഡോക്റ്റർമാർ പറഞ്ഞു.