തിരുവനന്തപുരം > തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം. 16 മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച വള്ളം മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നത്. വർക്കല സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. തിരയിൽപ്പെട്ട വള്ളം തലകീഴായി മറിയുകയായിരുന്നു.
16 പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. വള്ളത്തിലുണ്ടായിരുന്ന മുഴുവൻ പേരെയും രക്ഷപെടുത്തി. കരയിൽ നിന്ന് ഏറെ ദൂരെയല്ല അപകടം നടന്നത്. അപകടം നടന്ന ഉടൻ തന്നെ മറൈൻ എൻഫോഴ്‌സ്‌മെന്റും പൊലീസും അടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റ രണ്ടുപേരെ ചിറയിൻകീഴ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഹാർ, റൂബിൻ എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.