////
12 മിനിറ്റ് വായിച്ചു

തോട്ടടയിൽ വിവാഹസംഘത്തിന് നേരെയുണ്ടായ ബോംബേറ്; മുഴുവൻ പ്രതികൾക്കും ജാമ്യം

കണ്ണൂർ: തോട്ടടയിലെ വിവാഹസംഘത്തിന് നേരെയുണ്ടായ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും ജാമ്യം. എട്ടു പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. തലശ്ശേരി സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് കോടതി നടപടി.

2022 ഫെബ്രുവരി 13 നാണ് തോട്ടട അമ്മുപറമ്പിലെ വിവാഹ സംഘത്തിന് നേരെ ബോംബേറുണ്ടായത്. ബോംബെറിഞ്ഞ സംഘത്തിലുണ്ടായിരുന്ന ഏച്ചൂർ സ്വദേശി ജിഷ്ണു(26)ന്റെ തലയിൽ വീണ് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.സ്‌ഫോടനത്തില്‍ മൂന്നു പേർക്ക് പരുക്കേറ്റിരുന്നു. ഏച്ചൂർ ഭാ​ഗത്തെ യുവാക്കളും തോട്ടടയിലെ യുവാക്കളും തമ്മിലുളള തർക്കമാണ് ബോംബേറിലേക്ക് നയിച്ചത്. ഇരു സംഘങ്ങളും വിവാഹ ദിവസം എത്തിയത് ഏറ്റുമുട്ടലുണ്ടാക്കാനുള്ള സര്‍വ്വ സന്നാഹങ്ങളുമായിട്ടായിരുന്നുവെന്നാണ് പുതിയ വിവരം. ബോംബുമായി എത്തിയ തോട്ടട സംഘം, ആക്രമണമുണ്ടായാല്‍ ഉപയോഗിക്കാനായി വാളുകള്‍ കരുതിയിരുന്നു. മറുവശത്ത് ഏച്ചൂര്‍ സംഘവും സമാന സന്നാഹങ്ങള്‍ സജ്ജീകരിച്ചിരുന്നു.

ആക്രമണത്തിന് പിന്നില്‍ 18 പേരുണ്ടെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. സ്‌ഫോടക വസ്തു കൈകാര്യം ചെയ്യല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. ആള്‍ക്കൂട്ടത്തിലേക്ക് ബോംബ് വീണപ്പോള്‍ ആളുകള്‍ ജീവഭയത്താല്‍ ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നു. ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തല ചിന്നി ചിതറിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. വധു ഉള്‍പ്പെടെയുള്ളവര്‍ നടന്നുപോകുന്നതിന് മുന്നിലാണ് സ്‌ഫോടനം ഉണ്ടായതെന്നും ദൃശ്യങ്ങള്‍ വ്യക്തമാണ്.

ഒരു ആക്രമണാന്തരീക്ഷം അരങ്ങേറിയതിന് ശേഷമാണ് സ്‌ഫോടനം ഉണ്ടായത്. എടക്കാട് പൊലീസാണ് അന്വേഷണം ആരംഭിച്ചത്. എന്നാൽ, സംഭവം കഴിഞ്ഞ് അഞ്ചു മാസം പിന്നിട്ടിടും കേസിൽ കുറ്റപത്രം സമർപ്പിക്കാനോ മുഴുവൻ പ്രതികളെ പിടികൂടാനോ പൊലീസിന് സാധിച്ചിട്ടില്ല. പത്തു പ്രതികളുള്ള കേസിൽ എട്ടു പേരെയാണ് ഇതുവരെ പിടികൂടിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version