കോട്ടയം: കൊവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസ് എടുത്തവർ കരുതൽ ഡോസുകൂടി എടുക്കാൻ ശ്രദ്ധിക്കണമെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവനോടൊപ്പം കോട്ടയം ജനറൽ ആശുപത്രിയിലെത്തി ജില്ലയിലെ ആദ്യ ഡോസ് കരുതൽ വാക്സിൻ സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.മന്ത്രിയാണ് ആദ്യം വാക്സിൻ സ്വീകരിച്ചത്. തുടർന്ന് ജസ്റ്റിസ് കെ.ടി. തോമസും വാക്സിൻ സ്വീകരിച്ചു. കോവിഷീൽഡ് വാക്സിനാണ് ഇരുവരും സ്വീകരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരുമിച്ച് എത്തിയാണ് മുമ്പ് ആദ്യ ഡോസും രണ്ടാം ഡോസും ഇരുവരും എടുത്തത്.