/
10 മിനിറ്റ് വായിച്ചു

ബഫർ സോൺ: സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച ഭൂപടം പ്രസിദ്ധീകരിക്കും

പരിസ്ഥിതി സംവേദക മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തയ്യാറാക്കി അംഗീകാരത്തിനായി കേന്ദ്ര സർക്കാരിന് സമർപ്പിച്ച നിർദ്ദേശ പ്രകാരമുള്ള ഭൂപടം പ്രസിദ്ധീകരിക്കാൻ ഉന്നതതലയോഗം തീരുമാനിച്ചു. ഈ ഭൂപടം സംബന്ധിച്ച് ഉൾപ്പെടുത്തേണ്ട അധികവിവരങ്ങൾ ഉണ്ടെങ്കിൽ അവ സമർപ്പിക്കാൻ അവസരമൊരുക്കും. അതത് പഞ്ചായത്ത് സെക്രട്ടറിമാർക്ക് അവ നൽകാം. വനം വകുപ്പിന് നേരിട്ടും നൽകാവുന്നതാണ്. അധിക വിവരങ്ങൾ ലഭ്യമാക്കാനുള്ള സമയം ജനുവരി 7 വരെ ദീർഘിപ്പിക്കും.

ഇപ്രകാരം ലഭിക്കുന്ന വിവരങ്ങൾ ഫീൽഡ് തലത്തിൽ പരിശോധിച്ച് ഉറപ്പ് വരുത്താൻ പഞ്ചായത്തുതലത്തിൽ റവന്യൂ, വനം, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘത്തെ നിയോഗിക്കും. ജനപ്രതിനിധികൾ ഉൾപ്പെടെ എല്ലാ വിഭാഗം ആളുകളും ചേരുന്ന സമിതിയുണ്ടാക്കി ജനങ്ങളിൽ നിന്ന് വിവരശേഖരണം നടത്തുന്നതും പരിഗണിക്കും. സുപ്രീം കോടതിയിൽ വിവരങ്ങൾ കൈമാറാനുള്ള തീയതി നീട്ടിക്കിട്ടാൻ അപേക്ഷ നൽകാനും തീരുമാനിച്ചു.

തദ്ദേശ സ്വയംഭരണം, റവന്യൂ, വനം മന്ത്രിമാർ പങ്കെടുത്ത് ബന്ധപ്പെട്ട 87 പഞ്ചായത്തുകളിലെ പ്രസിഡൻറ്, സെക്രട്ടറി, വില്ലേജ് ഓഫീസർമാർ, തഹസിൽദാർമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ ഓൺലൈൻ യോഗം നാളെ ചേരും. ഫീൽഡ് വെരിഫിക്കേഷൻ സംബന്ധിച്ച വിശദാംശങ്ങൾ ഈ യോഗത്തിൽ തീരുമാനിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, എ.കെ. ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ്, അഡ്വ. ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്, ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ.വി. വേണു, ശാരദ മുരളീരൻ, ബിശ്വനാഥ് സിൻഹ അടക്കമുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version