//
13 മിനിറ്റ് വായിച്ചു

സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധന നാളെ മുതല്‍

സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന നാളെ (മെയ് 1) മുതല്‍ പ്രാബല്യത്തില്‍. ഇതോടെ ബസ് ചാര്‍ജ് മിനിമം 10 രൂപയാകും. ഓട്ടോ മിനിമം നിരക്ക് 30 രൂപയായും ടാക്‌സിക്ക് 200 രൂപയാക്കിയുമാണ് കൂട്ടിയത്.സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 10 രൂപയില്‍ നിന്നും 12 രൂപയും, ഫാസ്റ്റ് പാസ്സഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസ്സഞ്ചര്‍ സര്‍വീസുകള്‍ 14 രൂപയില്‍ നിന്നും 15 രൂപയും സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ 20 രൂപയില്‍ നിന്നും 22 രൂപയുമായി പുതുക്കി നിശ്ചയിച്ചിരുന്നു. എക്സ്പ്രസ്സ്, സൂപ്പര്‍ എക്സ്പ്രസ്സ്, സൂപ്പര്‍ എയര്‍ എക്സ്പ്രസ്സ്, സൂപ്പര്‍ ഡീലക്സ് / സെമീ സ്ലീപ്പര്‍ സര്‍വീസുകള്‍, ലക്ഷ്വറി / ഹൈടെക് ആന്റ് എയര്‍കണ്ടീഷന്‍ സര്‍വീസുകള്‍, സിംഗിള്‍ ആക്സില്‍ സര്‍വീസുകള്‍, മള്‍ട്ടി ആക്സില്‍  സര്‍വീസുകള്‍, ലോ ഫ്ളോര്‍ എയര്‍ കണ്ടീഷന്‍ സര്‍വീസുകള്‍ എന്നിവയുടെ നിലവിലെ നിരക്ക് തുടരും.  ലോ ഫ്ളോര്‍ നോണ്‍ എയര്‍കണ്ടീഷന്‍ സര്‍വീസുകളുടെ നിലവിലെ നിരക്കായ 13 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചു. എ സി സ്ലീപ്പര്‍ സര്‍വീസുകള്‍ക്ക് മിനിമം നിരക്ക് 130 രൂപയായും നിശ്ചയിച്ചു.

ഓട്ടോറിക്ഷകള്‍ക്ക് മിനിമം ചാര്‍ജ്ജ് 30 രൂപ (1.5 കിലോമീറ്റര്‍ വരെ) .മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കി.മീറ്ററിനും 15 രൂപ നിരക്കില്‍ ഈടാക്കാവുന്നതാണ് (ഓരോ നൂറു മീറ്ററിനും 1.50 രൂപ നിരക്കില്‍). ക്വാഡ്രിസൈക്കിളുകള്‍ക്ക് മിനിമം ചാര്‍ജ്ജ് 35 രൂപ (1.5 കി.മീറ്റര്‍ വരെ) .മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കി.മീറ്ററിനും 15 രൂപ നിരക്ക് ഈടാക്കാവുന്നതാണ് (ഓരോ നൂറു മീറ്ററിനും 1.50 രൂപ നിരക്കില്‍).ഡ്രൈവര്‍ ഉള്‍പ്പെടെ 7 യാത്രക്കാര്‍ക്കു വരെ സഞ്ചരിക്കാവുന്ന, 1500 സി സി ക്കു താഴെയുള്ള മോട്ടോര്‍ ക്യാബുകള്‍ക്ക് (ടൂറിസ്റ്റ്, സാധാരണ മോട്ടോര്‍ക്യാബുകള്‍ ഉള്‍പ്പെടെ) മിനിമം ചാര്‍ജ്ജ് 200 രൂപ (5 കി.മീറ്റര്‍ വരെ). മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കി.മീറ്ററിനും 18 രൂപ നിരക്കില്‍ ഈടാക്കാവുന്നതാണ്. ഡ്രൈവര്‍ ഉള്‍പ്പെടെ 7 യാത്രക്കാര്‍ക്കു വരെ സഞ്ചരിക്കാവുന്ന, 1500 സി സി ക്കു മുകളിലുള്ള മോട്ടോര്‍ ക്യാബുകള്‍ക്ക് (ടൂറിസ്റ്റ്, സാധാരണ മോട്ടോര്‍ക്യാബുകള്‍ ഉള്‍പ്പെടെ) മിനിമം ചാര്‍ജ്ജ് 225 രൂപ (5 കി.മീറ്റര്‍ വരെ). മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കി.മീറ്ററിനും 20 രൂപ നിരക്കില്‍ ഈടാക്കാവുന്നതാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!