തളിപ്പറമ്പ് : ചിറവക്കിൽ ദേശീയപാതയിലും സംസ്ഥാനപാതയിലുമുണ്ടാകുന്ന ഗതാഗതക്കുരുക്കഴിക്കാൻ ബസ് ബേ നിർമിക്കും. അക്കിപ്പറമ്പ് സ്കൂളിനടുത്തായാണ് പുതിയ ബസ് ബേ പണിയുക. ഏറെനാളായുള്ള പരാതിയെ തുടർന്നാണ് തീരുമാനം.ഇടുങ്ങിയ ചിറവക്ക് കവലയിൽ വാഹനങ്ങൾ കുരുക്കിലാകുന്നത് പതിവാണ്.
രാവിലെയും വൈകീട്ടുമാണ് ഗതാഗതപ്രശ്നം രൂക്ഷമാകാറ്. പലപ്പോഴും കുരുക്ക് നിവർക്കാൻ നാട്ടുകാർ പോലീസിനെ സഹായിക്കാറുണ്ട്. മലയോരത്തേക്കുള്ള ബസുകൾ സംസ്ഥാനപാതയുടെ തുടക്കത്തിൽ നിർത്തി യാത്രക്കാരെ കയറ്റുന്നത് ഗതാഗതത്തിന് തടസ്സമാകുന്നു. ആർ.ഡി.ഒ. ഇ.പി. മേഴ്സിയുടെ സാന്നിധ്യത്തിൽ, പോലീസ്, ആർ.ടി.ഒ. ഉദ്യോഗസ്ഥർ ദേശീയപാത അധികാരികൾ കൂടി ചേർന്ന യോഗത്തിൽ പദ്ധതി പെട്ടെന്ന് നടപ്പാക്കാൻ തീരുമാനിച്ചു.
ബസ്, ഓട്ടോറിക്ഷാജീവനക്കാർ മറ്റ് ട്രേഡ് യൂണിയൻ നേതാക്കൾ, ബസ് ഉടമകൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.ദേശീയപാതയിലെ തെളിയാത്ത സീബ്രാലൈനുകൾ പുനഃസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചിറവക്കിലെ ബസ് ബേ നിർമാണസ്ഥലം ഉദ്യോഗസ്ഥർ പരിശോധിച്ചു.