കണ്ണൂർ : യാത്രക്കാരെ പെരുവഴിയിലാക്കിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് താത്കാലികമായി റദ്ദാക്കി. കോഴിക്കോട്-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എൽ. 58 എ.ജി. 0207 വിൻവെ ബസ് ഡ്രൈവർ സാരംഗിന്റെ ലൈസൻസാണ് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ. എ.സി. ഷീബ റദ്ദാക്കിയത്.
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബസ് പുറകോട്ട് എടുക്കാൻ ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് യാത്രക്കാരെ വഴിയിലാക്കി ഡ്രൈവർ കടന്നുകളഞ്ഞതിനാണ് നടപടി. തിങ്കളാഴ്ച രാവിലെ 11-ന് താഴെചൊവ്വ ബൈപ്പാസ് ജംഗ്ഷനിലാണ് സംഭവം.
വാഹനങ്ങളുടെ നിരതെറ്റിച്ച് അപകടകരമായരീതിയിൽ വന്ന ബസിന് മോട്ടോർവാഹനവിഭാഗം ഉദ്യോഗസ്ഥർ കൈകാണിച്ചു നിർത്തിച്ചു.ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വാഹനം പിറകോട്ട് എടുക്കാൻ ആവശ്യപ്പെട്ടു. ഡ്രൈവർ ബസ് പിറകോട്ടെടുത്ത് ഒരു വശത്ത് നിർത്തി.
എന്നാൽ വാഹനത്തിൽ നിന്നും ഇറങ്ങിയ ഡ്രൈവർ കടന്നുകളഞ്ഞു. ബസിൽ കുടുങ്ങിയ യാത്രക്കാരെ മോട്ടോർ വാഹന വിഭാഗം ഉദ്യോഗസ്ഥർ മറ്റു വാഹനങ്ങളിൽ കയറ്റിവിടുകയായിരുന്നു. തുടർന്ന് ബസ് കസ്റ്റഡിയിലെടുത്ത് തോട്ടടയിലെ ടെസ്റ്റിങ് സ്റ്റേഷനിൽ കൊണ്ടുപോയി.