//
24 മിനിറ്റ് വായിച്ചു

ബസ് ചാർജ് വർധന :സമര നോട്ടീസ് നൽകി സ്വകാര്യ ബസ് ഉടമകൾ

തിരുവനന്തപുരം: ബസ് ചാർജ് വർധന വേണമെന്ന നിലപാടിലുറച്ച് സ്വകാര്യ ബസ് ഉടമകൾ.ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ്സുടമകൾ ഗതാഗത മന്ത്രിയെ കണ്ടു നോട്ടീസ് നൽകി. പണിമുടക്ക് സംബന്ധിച്ചാണ് മന്ത്രിയെ നേരിട്ട് കണ്ടു നോട്ടീസ് നൽകിയത്.ചാർജ് വർധന ഉടൻ നടപ്പിലാക്കണമെന്നാണ് ആവശ്യം.അതേസമയം ഇന്ന് ചർച്ച ഒന്നും നടത്തിയിട്ടില്ലെന്നും ബസ് ഉടമകൾ നിവേദനം നൽകിയിട്ടുണ്ടെന്നും ​ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു. തുടർ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്.അവരുടെ ആവശ്യം ന്യായം എന്ന് താൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു.ബജറ്റിലെ അവഗണനയിലും നിരക്ക് വർധന വൈകുന്നതിലും പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നത്. ബസ് ചാർജ് മിനിമം ഇനി പത്ത് രൂപ പോരെന്നാണ് ഫെഡറേഷൻ പറയുന്നത്. മിനിമം ചാർജ് പന്ത്രണ്ട് രൂപയായി ഉടൻ പ്രഖ്യാപിക്കണമെന്നും വിദ്യാർത്ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസ്സുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെടുന്നു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള 1 രൂപയിൽ നിന്ന് മിനിമം ആറ് രൂപയാക്കണമെന്നാണ് ആവശ്യം. നിരക്ക് കൂട്ടാമെന്നേറ്റ സർക്കാർ നാല് മാസമായിട്ടും വാക്ക് പാലിച്ചില്ല.രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയില്ല. ബജറ്റിലും ഒരു പരിഗണനയുമില്ലെന്നും അവർ ആരോപിക്കുന്നു.  മറ്റ് സംഘടനകളുമായി ആലോചിച്ച് സമരം തുടങ്ങാനാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ തീരുമാനം.

ബജറ്റിലെ അവഗണനയിൽ ശക്തമായ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നേരത്തേ രംഗത്തെത്തിയിരുന്നു.കേരളത്തിലെ വിദ്യാർഥികൾ അടക്കമുള്ള  സാധാരണ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ യാത്രാ സൗകര്യം ഏർപ്പെടുത്തുകയും സർക്കാരിന് നയാ പൈസയുടെ മുതൽമുടക്കില്ലാതെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികൾക്ക് തൊഴിൽ നൽകുകയും ആയിരക്കണക്കിന് കോടി രൂപ സർക്കാരിന് മുൻകൂർ നികുതി നൽകുകയും ചെയ്യുന്ന പൊതുഗതാഗത മേഖലയിൽ സ്റ്റേജ് കാര്യേജ് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ റോഡ് ടാക്സിലും സ്റ്റേജ് കാര്യേജ് ബസുകൾക്ക് ഉപയോഗിക്കുന്ന ഡീസലിന്‍റെ വിൽപന നികുതിയിലും ഇളവ് അനുവദിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നാണ് ഫെഡറേഷൻ പറയുന്നത്.ഇത് സംബന്ധിച്ച് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി എന്നിവർക്ക് നിവേദനങ്ങൾ നൽകിയിരുന്നുവെങ്കിലും ബഡ്ജറ്റ് പ്രസംഗത്തിൽ ഇത് സംബന്ധിച്ച് ഒരു പരാമർശവും ഇല്ലാത്ത ബഡ്ജറ്റ് തികച്ചും നിരാശാജനകമാണ്. അയ്യായിരത്തിൽ താഴെ മാത്രം ബസ്സുകൾ ഉള്ള KSRTC ക്ക് വേണ്ടി 1000 കോടി രൂപ വകയിരുത്തിയ ബഡ്ജറ്റിൽ പന്ത്രണ്ടായിരത്തിലധികം ബസുകൾ സർവീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച് ഒരു പരാമർശം പോലും ഇല്ലാത്തതും ബഡ്ജറ്റിൽ ഡീസൽ വാഹനങ്ങളുടെ ഹരിത നികുതിയിൽ 50 ശതമാനം വർധന വരുത്തുന്നതും പ്രതിഷേധാർഹമാണ് എന്നും ഫെഡറേഷൻ ആരോപിച്ചിരുന്നു.

സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ ബസ് കൺസഷൻ തുക വർധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നേര്തതെ വ്യക്തമാക്കിയിരുന്നു. കൺസഷൻ തുക വിദ്യാർഥികൾ നാണക്കേടായി കാണുന്നുവെന്ന് പറഞ്ഞ മന്ത്രി പലരും 5 രൂപ കൊടുത്താൻ  ബാക്കി വാങ്ങാറില്ലെന്നും വിശദീകരിക്കുന്നു. ’10 വർഷം മുൻപാണ് വിദ്യാർഥികളുടെ കൺസഷൻ തുക 2 രൂപയായി നിശ്ചയിച്ചത്. 2 രൂപ ഇന്ന് വിദ്യാർഥികൾക്ക് തന്നെ മനപ്രയാസം ഉണ്ടാക്കുന്നു. കൺസഷൻ തുക വർധിപ്പിക്കേണ്ടി വരും. മന്ത്രി വിശദീകരിക്കുന്നു.വിദ്യാർഥികളെ കയറ്റാത്ത ബസുടമകൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.കൺസഷൻ ചാർജ് വർധനക്കെതിരെ  പല വിദ്യാർഥി സംഘടനകളുടേയും ഭാഗത്ത് നിന്നും വിമർശനമുയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ബസ് ചാർജ്ജ് കൂട്ടേണ്ടിവരുമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ ഗതാഗത മന്ത്രി, ബസുടമകളുടെ ആവശ്യം ന്യായമാണെന്നും പ്രതികരിച്ചു. ചാർജ് വർധനയുണ്ടാകും. പക്ഷേ അത് പൊതുജനാഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും.ഇന്ധനവില ഉടൻ കൂടുമെന്ന വാർത്തകളും വരുന്നുണ്ട്. ബൾക്ക് പർച്ചേഴ്സ് ചെയ്തവർക്ക് വില കൂട്ടിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതായും മന്ത്രി അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version