ഓണാവധിക്ക് ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്താനാഗ്രഹിക്കുന്ന മലയാളികളെ കൊള്ളയടിച്ച് സ്വകാര്യബസുകള്‍. വിമാന ടിക്കറ്റിനേക്കാള്‍ കൂടിയ നിരക്കാണ് മിക്ക സ്വകാര്യ ബസുകളും ടിക്കറ്റിന് ഈടാക്കുന്നത്. ഉല്‍സവകാലങ്ങളില്‍ നിരക്ക് വര്‍ധന പതിവാണെങ്കിലും, കൊള്ളയടി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ഓണത്തിന് കാണം വിറ്റും ടിക്കറ്റെടുക്കേണ്ട ഗതികേടിലാണ് ബെംഗളൂരു മലയാളികള്‍. നാട്ടിലെത്താനാഗ്രഹിക്കുന്ന മലയാളികളില്‍ നിന്ന് കൊള്ളലാഭമാണ് സ്വകാര്യബസുകള്‍ കൊയ്യുന്നത്. ഈമാസം ആറിന് ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ടിക്കറ്റ് ഒന്നിന് 3500 രൂപ. ഇതേദിവസം വിമാനത്തില്‍ പോയാല്‍ നിരക്ക് രണ്ടായിരത്തിനും നാലായിരത്തിനും ഇടയില്‍.
കോഴിക്കോട്ടേയ്ക്കും കണ്ണൂരിലേക്കും ബസ് നിരക്ക് 2100 രൂപ. കേരളത്തിലേക്കുള്ള തീവണ്ടികളും, കേരള–കര്‍ണാടക ആര്‍ടിസി ബസുകളിലും ടിക്കറ്റ് ലഭിക്കാത്ത സാധാരണക്കാരോടാണ് സ്വകാര്യ ബസുകളുടെ ഈ കൊള്ള. ഉല്‍സവ കാലങ്ങളിലെ തോന്നുംപോലുള്ള ടിക്കറ്റ് നിരക്കുയര്‍ത്തല്‍ നിയന്ത്രിക്കണമെന്നത് ബെംഗളൂരു മലയാളികളുടെ കാലങ്ങളായുള്ള ആവശ്യമാണ്.
അവധി ദിനങ്ങളോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി അനുവദിക്കുകയും, കൂടുതല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളുടെ എണ്ണം കൂട്ടുകയും വേണമെന്നും ആവശ്യമുണ്ട്.