മനാമ: ഖത്തറിലെ അല്‍ ഖോറില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. കൊല്ലം ശക്തികുളങ്ങര സ്വദേശി റോഷിന് ജോണ്‍ (38), ഭാര്യ കരുനാഗപ്പള്ളി അഴീക്കല്‍ സ്വദേശി ആന്‍സി ഗോമസ് (30), ആന്‍സിയുടെ സഹോദരന് ജിജോ ഗോമസ് (34), ഇവരുടെ സുഹൃത്തുക്കളും തമിഴ്നാട് സ്വദേശികളുമായ നാഗലക്ഷ്മി ചന്ദ്രശേഖരന് (33), ഭര്‍ത്താവ് പ്രവീണ്‍കുമാര്‍ ശങ്കര്‍ (37) എന്നിവരാണ് മരിച്ചത്. റോഷിന്-ആന്‍സി ദമ്പതികളുടെ മകന് ഏദന്‍ (മൂന്ന്) ഗുരുതര പരിക്കുകളോടെ ദോഹ സിദ്ര മെഡിസിന് ആശുപത്രിയില്‍ ചികിത്സയിലാണ്.
ദോഹയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ വടക്കന്‍ നഗരമായ അല്‍ഖോറില്‍ ബുധനാഴ്ച രാത്രിയായിരുന്നു ദാരുണമായ അപകടം. അല്‍ ഖോര്‍ എക്സ്പ്രസ് ഹൈവേയി എക്സിറ്റ് 35ലെ ഫ്ളൈ ഓവറില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവരുടെ വാഹനം താഴേക്ക് പതിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. അഞ്ചു പേരും ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരിച്ചു. മൃതദേഹങ്ങള്‍ അല്‍ഖോര്‍ മോര്‍ച്ചറിയില്‍.
രണ്ടു ശസ്ത്രക്രിയകള്‍ക്ക് വിധേയയായ കുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം.ചൊവ്വാഴ്ച രാത്രി ഖത്തറില്‍ നിന്നും ബഹ്റൈനിലേക്ക് വരികയായിരുന്ന നാലംഗ സംഘം സൗദി അതിര്ത്തിയയാ അബുസമ്രക്കടുത്ത് അപകടത്തില്‍ പെട്ട് രണ്ട് മലയാളികള്‍ മരിച്ചിരുന്നു.