//
15 മിനിറ്റ് വായിച്ചു

കാർ വാടക നൽകാതെ മുങ്ങി, പിന്നാലെ പൊലീസ് അന്വേഷണം; ഒടുവിൽ പിടികൂടിയത് എംഡിഎംഎയും കഞ്ചാവുമായി

മലപ്പുറം: മഞ്ചേരി ടൗണിൽ വില്പന നടത്തുന്നതിനായി കൊണ്ടുവന്ന എംഡിഎംഎയും  കഞ്ചാവുമായി രണ്ട് പേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ മൊത്ത വിലക്ക് വാങ്ങി കേരളത്തിലെത്തിച്ച് മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവര്‍ക്ക് വ്യാപകമായി വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായ പ്രതികൾ.

മഞ്ചേരി മംഗലശ്ശേരി സ്വദേശി വട്ടപ്പറമ്പിൽ ഷൌക്കത്തലിയുടെ മകൻ റഫീക്ക് (വയസ്സ് 35), മലപ്പുറം വള്ളിക്കാപറ്റ സ്വദേശി വടക്കുപുറത്ത് വീട്ടിൽ ഉമ്മറിന്‍റെ മകൻ മുഹമ്മദ് അഷ്റഫ് (വയസ്സ് 33) എന്നിവരെയാണ് മഞ്ചേരി ഇന്ത്യൻ മാളിന് സമീപത്തെ ലോഡ്ജിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചിരുന്ന പൊലീസ് കഴിഞ്ഞ ദിവസം രാത്രിയോടെ   ലോഡ്ജ് മുറിയിലെത്തി പരിശോധന നടകത്തുകയും മയക്കുമരുന്ന് സഹിതം പ്രതികളെ പിടികൂടുകയുമായിരുന്നു. മഞ്ചേരി ഇന്ത്യൻ മാളിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത് ചെറിയ പാക്കറ്റുകളാക്കി ഇടപാടുകാര്‍ക്ക് വില്പന നടത്തിവരികയായിരുന്നു ഇവർ. ഇവരിൽ നിന്നും 70 ഗ്രാം എംഡിഎംഎ,  60 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. പ്രതികളുടെ മുറിയിൽ മയക്കുമരുന്നുകൾ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും ചില്ലറ കച്ചവടത്തിനുള്ള പാക്കിംഗ് മെറ്റീരിയലുകളും കണ്ടെത്തിയിട്ടുണ്ട്.

മഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളുടെ ബാംഗ്ലൂര്‍ യാത്രകളുടേയും മയക്കുമരുന്ന് ലഭിക്കുന്നതിന്‍റെ ഉറവിടത്തേയും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരിക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട അഞ്ച് പേരെ ഈ മാസം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പേർ അറസ്റ്റിലാകാൻ സാധ്യതയുണ്ട്. കഴിഞ്ഞ മാസം പ്രതികളിലൊരാളായ റഫീഖ് മൈസൂരിൽ നിന്നും ടാക്സി വിളിച്ചു മഞ്ചേരിയിലെത്തി കാർ വാടക നൽകാതെ ഡ്രൈവറെ കബളിപ്പിച്ചു മുങ്ങിയതിനെ തുടർന്ന് മഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസിന്‍റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി പി. അബ്ദുൽ ബഷീര്‍, മഞ്ചേരി പോലീസ് ഇൻസ്പെക്ടര്‍ റിയാസ് ചാക്കീരി എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ-മാരായ എസ്. ഷാഹുൽ, വി. ജീഷ്മ, ടി. മുഹമ്മദ് ബഷീര്‍, പൊലീസ് ഉദ്യോഗസ്ഥരായ എൻ.എം. അബ്ദുല്ല ബാബു, പി. ഹരിലാൽ, ഇ. രജീഷ്, സി. സവാദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ കോടതിയിൽ ഹാജരാക്കി.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!