/
8 മിനിറ്റ് വായിച്ചു

നടിയെ ആക്രമിച്ച കേസ്; സുപ്രിം കോടതിയിൽ നൽകിയ വിടുതൽ ഹരജി ദിലീപ് പിൻവലിച്ചു

നടിയെ ആക്രമിച്ച കേസിൽ സുപ്രിം കോടതിയിൽ നൽകിയ വിടുതൽ ഹരജി പ്രതി ദിലീപ് പിൻവലിച്ചു. കേസിന്‍റെ വിചാരണ അന്തിമ ഘട്ടത്തിലാണ്. ഇരുനൂറിലധികം സാക്ഷികളെ നിലവിൽ വിസ്തരിച്ചുകഴിഞ്ഞു. അതിനാല്‍ ഹരജിയുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടർന്ന് ഹരജി പിൻവലിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു. മുന്നൂറിലധികം സാക്ഷികളുള്ള കേസില്‍ കാവ്യ മാധവൻ ഉൾപ്പടെയുള്ള സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിരുന്നു. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമണത്തിനിരയാകുന്നത്. ഇതില്‍ എട്ടാം പ്രതിയാണ് നടൻ ദിലീപ്.കേസിന്‍റെ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി സുപ്രിം കോടതി അനുവദിച്ചിരുന്നു. മൂന്നാം തവണയാണ് കേസിന്‍റെ വിചാരണക്ക് സമയം നീട്ടി നൽകിയത്. വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി​​ ജഡ്​ജിയാണ് സുപ്രീംകോടതിക്ക് കത്ത്​ നൽകിയത്. വിചാരണ ആഗസ്റ്റിനകം പൂർത്തിയാക്കണമെന്ന്​ സുപ്രിം കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇത്​ സാധ്യമാവില്ലെന്നാണ്​ സ്പെഷ്യൽ ജഡ്ജി അറിയിച്ചിരുന്നത്​. കോവിഡിനെ തുടർന്ന്​ കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായി. ജീവനക്കാർക്കും രോഗബാധ സ്ഥിരീകരിച്ചു. ഇത്​ കോടതി നടപടികൾ വൈകുന്നതിന്​ കാരണമായെന്ന്​ സ്​പെഷ്യൽ ജഡ്​ജി സുപ്രീംകോടതിക്ക്​ അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version