കണ്ണൂര്‍: കണ്ണൂര്‍ ആംഡ് പൊലീസ് ബറ്റാലിയന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ കശുമാവുകളില്‍നിന്ന് അണ്ടി ശേഖരിക്കാന്‍ ഇനി മൂന്നംഗ പൊലീസ് സംഘം. കണ്ണൂര്‍ ആംഡ് പൊലീസ് ഡെപ്യൂട്ടി കമാണ്ടന്റ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഉറക്കിയത്. ബി കമ്പനിയിലെ ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിക്കാണ് കശുവണ്ടി ശേഖരിക്കാനുള്ള ചുമതല.ഹെഡ് ക്വാര്‍ട്ടേഴ്‌സിലെയും ഈ കമ്പനിയിലെയും രണ്ട് ഹവില്‍ദാര്‍മാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.ബറ്റാലിയന്റെ അധീനതയിലുള്ള സ്ഥലങ്ങളിലുള്ള കശുമാവുകളിലെ പാകമായ കശുമാങ്ങ നിലത്തുവീണ് നശിക്കുന്ന സാഹചര്യമാണ് ഇത്തരം ഒരു നിര്‍ദേശത്തിന് പിന്നില്‍ എന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. കശുവണ്ടി ശേഖരിക്കാന്‍ നാലു തവണ ലേലം വിളിച്ചിരുന്നു. എന്നാല്‍ ആരും ലേലം കൊണ്ടിരുന്നില്ല. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കശുമാവുകളുടെ എണ്ണം കുറഞ്ഞതും, കശുവണ്ടി ഉല്‍പാദനത്തില്‍ കുറവുവരുകയും വില കുറയുകയും ചെയ്തതാണ് തിരിച്ചടിയായത്.ഈ സാഹചര്യത്തില്‍ പാകമായി വീഴുന്ന കശുവണ്ടികള്‍ നശിച്ച് പോവാതിരിക്കാനാണ് ഉദ്യോഗസ്ഥരെ തന്നെ നിയോഗിക്കേണ്ടി വരുന്നത് എന്നും ഡെപ്യൂട്ടി കമാണ്ടന്റ് ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഉത്തരവിന് എതിരെ സേനയ്ക്കുള്ളില്‍ തന്നെ മുറുമുറുപ്പുണ്ട്.