കണ്ണൂർ: ജില്ല ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കാത്ത് ലാബ് ഉദ്ഘാടനത്തിന് സജ്ജം. കുറഞ്ഞ ചെലവിൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ലാബ് സജ്ജമാക്കിയത്. കിഫ്ബി ഫണ്ടിൽനിന്ന് എട്ടു കോടി രൂപ ചെലവഴിച്ചായിരുന്നു നിർമാണം. ജില്ല പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് ലാബ് വൈദ്യുതീകരിച്ചത്. എറണാകുളം ജില്ല ആശുപത്രിയുടെ മാതൃകയിലാണ് കാത്ത് ലാബിന്റെ പ്രവർത്തനം.പെരിഫെറൽ ബ്ലോക്കുകൾക്കുള്ള ചികിത്സയും ഇവിടെ ലഭ്യമാക്കും.സി.ആം മെഷീൻ, ഡൈ ഇൻജെക്ടർ, വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ലാബിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. ലാബിൽ ഒരു കാർഡിയോളജിസ്റ്റും ടെക്‌നിക്കൽ സ്റ്റാഫും നഴ്‌സും ഉൾപ്പെടെ മൂന്നുപേരുണ്ടാകും. ലാബിനുള്ളിലെ പ്രവർത്തനങ്ങൾ ലൈവ് മോണിറ്റർ ചെയ്യാനുള്ള കൺട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്.രോഗികൾക്കായി നാലു കിടക്കകളോട് പ്രീ കാത്ത് ഏരിയയും രോഗികളുടെ വിശ്രമത്തിനും നിരീക്ഷിക്കുന്നതിനുമായി 10 കിടക്കകളോടുകൂടിയ പോസ്റ്റ് കാത്ത് ഐ.സിയുവും ഒരുക്കിയിട്ടുണ്ട് .