ആരേയും നിർബന്ധിച്ച് വാക്സിൻ എടുപ്പിക്കില്ലെന്നും എന്തെങ്കിലും കാര്യത്തിൽ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയില്ലെന്നും കേന്ദ്രസർക്കാർ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. സമ്മതം കൂടാതെ ആരേയും നിർബന്ധിച്ച് വാക്സിൻ നൽകില്ലെന്നും വാക്സിൻ എടുക്കുന്നവരോട് അതിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് വിശദീകരിക്കാറുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഭിന്നശേഷിക്കർക്ക് വാക്സിനേഷൻ എളുപ്പത്തിൽ ലഭ്യമാക്കണമെന്ന് ഹരജിയോട് പ്രതികരിക്കവേയാണ് കേന്ദ്രം നിലപാട് അറിയിച്ചത്. നിലവിൽ അച്ചടി, സാമൂഹിക മാധ്യങ്ങളടക്കമുള്ളവയിലൂടെ വാക്സിൻ സ്വീകരിക്കണമെന്ന നിരവധി പരസ്യങ്ങളും നിർദേശങ്ങളും സർക്കാർ നൽകിവരികയാണ്.ഇതിനിടെയാണ് വാക്സിൻ നിർബന്ധപൂർവം നൽകുന്നില്ലെന്ന് കോടതിയെ അറിയിച്ചത്. വിവിധ സംസ്ഥാനങ്ങളിലും പല സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് വാക്സിൻ സർട്ടിഫിക്കറ്റ് പരിശോധിക്കുന്നുണ്ട്. എന്നാൽ ഒന്നിനും സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ലെന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞിരിക്കുന്നത്.