കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ നിരന്തര അവഗണനക്കെതിരെ സി.പി.എം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ജനുവരി 20 മുതൽ 31 വരെ ലോക്കൽ തലത്തിൽ ആദ്യഘട്ട പ്രക്ഷോഭം ആരംഭിക്കും. ഇതിന്റെ മുന്നോടിയായി ജനുവരി 1 മുതൽ 21 വരെ വീടുകയറി പ്രചാരണം നടത്തും. കേന്ദ്ര നിലപാടും സംസ്ഥാന സർക്കാരിന്റെ ജനകീയ പ്രവർത്തനങ്ങളും ജനങ്ങളോട് വിശദീകരിക്കും. ജനങ്ങൾക്ക് പറയാനുള്ളത് പാർടി കേൾക്കും.
കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ നടത്തുന്ന പലനീക്കങ്ങൾക്കുമൊപ്പം കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള നടപടികളും കേന്ദ്രം കൈക്കൊള്ളുകയാണ്. കുടിശ്ശികയോ അർഹമായ വിഹിതമോ ജി.എസ്.ടി ആനുകൂല്യമോ സംസ്ഥാനത്തിന് കേന്ദ്രം തരുന്നില്ല. കേരളത്തിന് തരാനുള്ള തുകയിൽ കുടിശ്ശികയുണ്ടെന്ന കാര്യം കേന്ദ്ര ധനമന്ത്രി തന്നെ സമ്മതിച്ചതാണ്. കേരളത്തിന്റെ വികസനത്തിന് കേന്ദ്രത്തിന് ഒരു പദ്ധതിയുമില്ല. കിഫ്ബി, ട്രഷറി നിക്ഷേപം, പിഎഫ് എന്നിവയുടെ പേരുപറഞ്ഞ് സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധി കൂടി കേന്ദ്രം ഇല്ലാതാക്കുകയാണ്. 24,638 കോടി രൂപയുടെ വായ്പയാണ് ഇതുമൂലം കേരളത്തിന് നഷ്ടമാകുന്നത്.