12 മിനിറ്റ് വായിച്ചു

മാധ്യമ പ്രവർത്തനം വെല്ലുവിളികൾ നേരിടുന്ന കാലമാണിതെന്ന് നോവലിസ്റ്റ് എം. മുകുന്ദൻ

മാധ്യമ പ്രവർത്തനം കടുത്ത വെല്ലുവിളികൾ നേരിടുന്ന കാലമാണിതെന്നും ജിവനോടെ ശിരസറുക്കലിന് പോലും പത്രപ്രവർത്തകർ വിധേയരാവുകയാണെന്നും വിഖ്യാത നോവലിസ്റ്റ് എം. മുകുന്ദൻ പറഞ്ഞു. അന്തരിച്ച കോടിയേരി ബാലകൃഷ്ണന്‍റെ പേരിൽ തലശ്ശേരി പ്രസ് ഫോറവും, പത്രാധിപർ ഇ.കെ.നായനാർ സ്മാരക ലൈബ്രറിയും ടൗൺ സർവീസ് സഹകരണ ബാങ്കിന്‍റെ സഹകരണത്തോടെ ഏർപ്പെടുത്തിയ ദൃശ്യമാധ്യമ അവാർഡ് റിപ്പോർട്ടർ ചാനൽ തിരുവനന്തപുരം ബ്യൂറോ ചീഫ് ആർ. രോഷിപാലിന് സമ്മാനിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ടിയക്കാർ കൊല്ലപ്പെട്ടാൽ അവർക്കായി രക്തസാക്ഷി സ്മാരകങ്ങൾ ഉണ്ടാവും. പക്ഷെ ജോലിക്കിടയിൽ മാധ്യമ പ്രവർത്തകർ രക്തസാക്ഷികളായാൽ അവർക്കായി ഒരിടത്തും സ്മാരകങ്ങൾ ഉയരുന്നില്ല. സ്മാരകങ്ങൾ പണിയുന്നില്ലെങ്കിലും പുരസ്കാരങ്ങൾ നൽകി ആദരിക്കാൻ സമൂഹത്തിന് മനസുണ്ടാവണം. എന്തോ ഒരു സൽക്കർമ്മം ചെയ്ത പ്രതീതിയാണ് കോടിയേരിയുടെ പേരിലുള്ള അവാർഡ് നൽകുമ്പോൾ ഉണ്ടാവുന്നതെന്ന് മയ്യഴിയുടെ കഥാകാരൻ പറഞ്ഞു. കണ്ണൂരിലെ കമ്യൂണിസ്റ്റ് സഖാക്കൾ ചിരിക്കാറില്ലെന്നാണ് പലരും പറയുന്നത്. എന്നാൽ കോടിയേരി വ്യത്യസ്തനാണ്.അപരിചിതത്വം ഇല്ലാതെ ആരെയും ചേർത്തു നിർത്തുന്നതാണ് പ്രകൃതം ഏത് കൊടുങ്കാറ്റിലും ഇളകാത്ത,പതറാത്ത നേതാവ്. നമ്മൾ അധികം മസിലുപിടിച്ചു നിന്നിട്ട് കാര്യമില്ല.

ഒരു സാധാരണക്കാരന് തുണയായി എഴുത്തുകാരും മാധ്യമ പ്രവർത്തകരും എപ്പോഴും ഇടത്തും വലത്തുമായി ഉണ്ടാവണം. എന്നാൽ ഇക്കാലത്ത് ഇരുവരെക്കാളും സമൂഹത്തിൽ സ്വീകാര്യത കിട്ടുന്നത് പ്രാദേശിക രാഷ്ടിയ പ്രവർത്തകർക്കാണെന്ന് നോവലിസ്റ്റ് ചൂണ്ടിക്കാട്ടി. എഴുത്തുകാർക്കും പത്രപ്രവർത്തകർക്കും സാമൂഹ്യ പ്രതിബദ്ധത ഉണ്ടാവണം. എവിടെ നിൽക്കുന്നുവെന്നോ എങ്ങോട്ടാണ് പോക്കെന്നോ അറിയാതെ നിലനിൽപ്പിന്നായി മായാജാലവിദ്യകൾ കാട്ടേണ്ട നിലയാണ് ഇന്ന് മാധ്യമ പ്രവർത്തകരും എഴുത്തുകാരുമുള്ളതെന്ന് എം. മുകുന്ദൻ ചൂണ്ടിക്കാട്ടി. നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. കാരായി ചന്ദ്രശേഖരൻ, നഗരസഭാധ്യക്ഷ കെ.എം. ജമുനാ റാണി, ഇ.കെ. പത്മനാഭൻ, കെ.യു. ബാലകൃഷ്ണൻ, പി. ദിനേശൻ, എൻ. സിറാജുദ്ദിൻ സംസാരിച്ചു. അവാർഡ് ജേതാവ് ആർ. രോഷിപാൽ മറുമൊഴി പ്രസംഗം നടത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!