///
21 മിനിറ്റ് വായിച്ചു

ചന്ദ്രിക ആഴ്ച്ചപ്പതിപ്പ് നിര്‍ത്തുന്നു; ഇല്ലാതാകുന്നത് പതിറ്റാണ്ടുകള്‍ നീണ്ട സാംസ്‌കാരിക-രാഷ്ട്രീയ ഇടപെടല്‍

ചന്ദ്രിക ആഴ്ചപ്പതിപ്പ് പൂര്‍ണമായും നിര്‍ത്തുന്നു. കൊവിഡ് കാലത്ത് അച്ചടി നിര്‍ത്തിയ പ്രസിദ്ധീകരണങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ കൂടിയാണ് മുസ്ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി മാനേജ്‌മെന്റ് നിര്‍ത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെയും ചെലവു ചുരുക്കല്‍ പദ്ധതികളുടെയും ഭാഗമായാണ് ചന്ദ്രിക ആഴ്ചപ്പതിപ്പും, മഹിളാ ചന്ദ്രികയും നിര്‍ത്തുന്നതെന്ന് കമ്പനി അറിയിച്ചു.വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനത്തിന്റെ കോഴിക്കോട് ഓഫീസില്‍ പ്രവര്‍ത്തിച്ചുവരുന്ന പീരിയോഡിക്കല്‍സ് വിഭാഗമാണ് ‘താല്‍ക്കാലികമായി’ പ്രസിദ്ധീകരണം നിര്‍ത്തുന്നത്. ജൂലൈ ഒന്ന് മുതല്‍ മറ്റൊരു അനുകൂല സാഹചര്യം ഉണ്ടാകുന്നത് വരെ അച്ചടിയായോ, ഡിജിറ്റലായോ പതിപ്പുകള്‍ പ്രസിദ്ധീകരിക്കില്ലെന്നും പബ്ലിഷിംഗ് കമ്പനി വ്യക്തമാക്കി.പീരിയോഡിക്കല്‍സ് ഉള്‍പ്പടെ ഏതു വിഭാഗത്തില്‍പ്പെട്ട സ്ഥിര, പ്രൊബേഷന്‍ ജീവനക്കാര്‍ക്കും സ്വയം വിരമിക്കാവുന്ന എക്‌സിറ്റ് സ്‌കീം 2022 പരമാവധി പ്രയോജനപ്പെടുത്തണമെന്നും കമ്പനി അറിയിച്ചു.

പതിറ്റാണ്ടുകള്‍ നീണ്ട സാംസ്‌കാരിക രാഷ്ട്രീയ ഇടപെടല്‍ കൂടിയാണ് ചന്ദ്രിക ആഴ്ച്ചപതിപ്പിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കുന്നതോടെ ഇല്ലാതാകുന്നത്. മുസ്ലീം ലീഗിന്റെ ഉടമസ്ഥതയിലുള്ള പ്രസിദ്ധീകരണമായിരുന്നെങ്കിലും പാര്‍ട്ടി ജിഹ്വയായി മാത്രം ചുരുങ്ങാതെ പല വിഷയങ്ങളിലും സ്വതന്ത്ര നിലപാടുകള്‍ ചര്‍ച്ചയാകാനുള്ള മാധ്യമമായി ചന്ദ്രിക നിലനിന്നു. ജ്ഞാനപീഠ ജേതാവ് എം ടി വാസുദേവന്‍ നായര്‍, പ്രശസ്ത എഴുത്തുകാരന്‍ യു എ ഖാദര്‍ തുടങ്ങിയ സാഹിത്യലോകത്തെ മിക്കവരുടെയും കൃതികള്‍ ശ്രദ്ധിക്കപ്പെട്ടത് ചന്ദ്രിക ആഴ്ചപ്പതിപ്പിലൂടെയായിരുന്നു. പ്രതിസന്ധി കാലത്തും ചെറുകഥ, നോവല്‍, കവിത, ലേഖനങ്ങള്‍, അന്വേഷണാത്മക ഫീച്ചറുകള്‍ എന്നിവ കൊണ്ട് വാരിക സമ്പന്നമാക്കി നിലനിര്‍ത്താന്‍ ചന്ദ്രിക എഡിറ്റോറിയല്‍ ടീം ശ്രമം തുടരുകയുണ്ടായി.പാര്‍ട്ടിയുടെ സാംസ്‌കാരിക പൈതൃകത്തിന്റേയും ആശയങ്ങളുടേയും കൂടി പ്രതീകമായിരുന്ന ചന്ദ്രിക ആഴ്ച്ചപ്പതിപ്പ് പൂര്‍ണമായും നിര്‍ത്തുന്നതിനെതിരെ മുസ്ലീം ലീഗില്‍ തന്നെ രൂക്ഷ വിമര്‍ശനമുയര്‍ന്നേക്കും. മുസ്ലീം ലീഗ് ദുര്‍ബലമാകുന്നതിന്റെ സൂചനയായി ഇത് ചൂണ്ടിക്കാണിക്കപ്പെടാന്‍ ഇടയുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നതെങ്കിലും ചില ലീഗ് നേതാക്കളുടെ താല്‍പര്യക്കുറവും മിസ് മാനേജ്‌മെന്റുമാണ് ഈ നിലയിലേക്ക് എത്തിച്ചതെന്ന് വിമര്‍ശനമുണ്ട്.

മാനേജ്മെന്റിന്റെ അറിയിപ്പ്

ഏറെ പ്രതിസന്ധികൾക്കിടയിലും വായനക്കാർക്ക് ചന്ദ്രിക ദിനപത്രം നിത്യമായും കൃത്യമായും ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ മുസ്ലിം പ്രിന്റിം​ഗ് ആന്റ് പബ്ലിഷിം​ഗ് കമ്പനി മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. അതേസമയം വർഷങ്ങളായി നഷ്ടത്തിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനം സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാവശ്യമായ ചെലവു ചുരുക്കൽ പദ്ധതികളും നടപ്പിൽവരുത്തുകയുമാണ്. ഇതിന്റെ ഭാ​ഗമായി ചന്ദ്രികയുടെ കോഴിക്കോട് ഓഫീസിൽ പ്രവർത്തിച്ചുവരുന്ന പീരിയോഡിക്കൽസ് വിഭാ​ഗം താൽക്കാലികമായി നിർത്തൽ ചെയ്യുന്നതിന് മാനേജ്മെന്റ് തീരുമാനിച്ചു.ആയതിനാൽ 01-07-2022 മുതൽ മറ്റൊരു അനുകൂല സാഹചര്യം ഉണ്ടാവുന്നതുവരെ ഡിജിറ്റലായോ പ്രിന്റായോ ചന്ദ്രിക വീക്കിലി, മഹിളാ ചന്ദ്രിക എന്നിവ പ്രസിദ്ധീകരിക്കുന്നതല്ല. പീരിയോഡിക്കൽസ് അടക്കമുള്ള ഏതു വിഭാ​ഗത്തിൽപ്പെട്ട സ്ഥിര, പ്രൊബേഷൻ ജീവനക്കാർക്കുവേണ്ടി മാനേജ്മെന്റ് പ്രഖ്യാപിച്ചിട്ടുള്ള എക്സിറ്റ് സ്കീം 2022 ജീവനക്കാർ പരമാവധി പ്രയോജനപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു

ഡയറക്ടർ ബോർഡിനു വേണ്ടി പി എം എ സമീർ

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version