/
14 മിനിറ്റ് വായിച്ചു

കുട്ടികളുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളണം -മുഖ്യമന്ത്രി

കുട്ടികളുടെ അഭിപ്രായങ്ങൾ അവഗണിക്കുകയല്ല, ഉൾക്കൊള്ളുകയാണ് വേണ്ടതെന്ന ബോധം മുതിർന്നവർക്ക് ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ വിഷയങ്ങളിൽ കുട്ടികളുടെ ഉത്തരവാദിത്തം ഉറപ്പുവരുത്താൻ ഈ സമീപനത്തിലൂടെ കഴിയും. ഇത്തരമൊരു മനോഭാവമാറ്റം കുടുംബങ്ങളിൽ വന്നാൽ സമൂഹത്തിൽ ക്രമേണ മാറ്റം ഉണ്ടാക്കാനാവും. അങ്ങനെയാണ് നാം അക്ഷരാർഥത്തിൽ ബാലസൗഹൃദമായി മാറുന്നത്-കേരള ബാലാവകാശ സംരക്ഷണ കമ്മീഷൻ ധർമ്മടം നിയോജക മണ്ഡല സെമിനാർ പിണറായി കൺവെൻഷൻ സെൻററിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
കുടുംബ കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ കുട്ടികൾക്ക് അഭിപ്രായം പറയാനാവാതെ അകന്നുനിൽക്കേണ്ടി വരാറുണ്ട്. കുട്ടികളുടെ അഭിപ്രായം പ്രധാനമല്ലെന്ന അവഗണനയിൽ മാറ്റം വരേണ്ടതുണ്ട്. കൂടുതൽ വളരേണ്ടതുണ്ടെങ്കിലും ഒരു വ്യക്തി എന്ന നിലയ്ക്ക് പൂർണതയുള്ളവരാണ് കുട്ടികൾ. അവരുടെ വ്യക്തിത്വത്തെ പൂർണമായി മാനിക്കാൻ നമ്മുടെ സമൂഹത്തിന് കഴിയണം.
കുട്ടികളുടെ സമഗ്ര വളർച്ചയ്ക്കുതകുന്ന എല്ലാ സംവിധാനങ്ങളും ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭാവി തലമുറയെ മുന്നിൽ കണ്ടുള്ള വികസന പദ്ധതികളാണ് നാം ആവിഷ്‌ക്കരിക്കുന്നത്.

ശിശുസൗഹൃദ മാതൃകാ ഗ്രാമപഞ്ചായത്തുകൾക്ക് പ്രോത്സാഹനം നൽകും. ഇതിന്‍റെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും വാർഷിക പദ്ധതിക്കൊപ്പം ബാലസുരക്ഷാ സ്ഥിതിവിവര റിപ്പോർട്ടും പ്രസിദ്ധീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. കുട്ടികളുടെ ശാരീരികവും സാമൂഹികവും മാനസികവുമായ ആരോഗ്യം ശക്തിപ്പെടുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ‘കുട്ടികളുടെ കേരളം’ എന്ന ജനകീയ കാമ്പയിൻ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി കൺവെൻഷൻ സെൻററിൽ നടന്ന പരിപാടിയിൽ കേരള ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. യുനിസെഫ് സോഷ്യൽ പോളിസി ചീഫ് കെ.എൽ. റാവു മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. ദിവ്യ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ബാലാവകാശ കമ്മീഷൻ അംഗം ശ്യാമളാദേവി, മണ്ഡലത്തിലെ തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ എന്നിവർ സംസാരിച്ചു. ബാലാവകാശ കമ്മീഷൻ അംഗങ്ങളായ സി.വി. വിജയകുമാർ, റെനി ആന്‍റണി, വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ചൈൽഡ് മെന്‍റർ അജ്​ന പർവീൺ, ഡോ. മോഹൻ റോയ്, കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി പി.പി. സദാനന്ദൻ എന്നിവർ വിഷയാവതണം നടത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version