ലൈംഗികാതിക്രമ കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ. അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി. വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്നതാണെന്ന ഉത്തരവിനും സ്റ്റേയുണ്ട്.സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവില്‍ വിവാദ പരാമര്‍ശം നടത്തിയ ജഡ്ജിയെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.
കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതി ജഡ്ജിയായാണ് നിയമിച്ചത്. നാല് ജഡ്ജിമാരുടെ സ്ഥലം മാറ്റ ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച വിധിയില്‍ കേസിലെ പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന പരാമര്‍ശം ഉള്‍പ്പെടുത്തിയതാണ് വിവാദമായത്.
ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു.പരാമര്‍ശങ്ങള്‍ ഇരയുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സെഷന്‍സ് കോടതിയുടെ നിരീക്ഷണം യുക്തിക്ക് നിരക്കാത്തതാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി ജാമ്യാപേക്ഷക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്നും അതിനാല്‍ സെക്ഷന്‍ 354 എ പ്രകാരം പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ പരാതി നിലനില്‍ക്കില്ലെന്ന പരാമര്‍ശം വലിയ തോതില്‍ വിമര്‍ശനങ്ങള്‍ വഴിവെച്ചു. പിന്നാലെ കേസിലെ ആദ്യ കോടതി വിധിയും വിവാദത്തിലായിരുന്നു.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീയാണെന്ന് അറിഞ്ഞുകൊണ്ട് ചൂഷണം ചെയ്യുന്ന രീതിയിലുള്ള കുറ്റകൃത്യം പ്രതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും പ്രതി ജാതി മത വിവേചനങ്ങള്‍ ഉള്ള ആളല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിന് തെളിവായി സിവിക് ചന്ദ്രന്റെ ജാതി രേഖപ്പെടുത്താത്ത എസ്എസ്എല്‍സി ബുക്കും കോടതിയില്‍ ഹാജരാക്കിയിരുന്നു.