//
15 മിനിറ്റ് വായിച്ചു

വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; യൂത്ത് കോൺഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തുന്നതായി പരാതി

കണ്ണൂര്‍: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തുന്നതായി പരാതി. അക്രമിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഫോണിലൂടെ വിളിച്ചും സോഷ്യൽ മീഡിയ വഴിയും ഭീഷണിപ്പെടുത്തുന്നതായാണ് യൂത്ത് കോൺഗ്രസ് നേതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഫർസീൻ മജീദും നവീൻ കുമാറും ഇത് കാണിച്ച് കണ്ണൂർ എസ്‌ പിക്കാണ് പരാതി നൽകിയത്. കോടതി ജാമ്യം നൽകി ജയിൽ മോചിതരായി കണ്ണൂരിൽ എത്തിയതിന് ശേഷമാണ് വ്യാപകമായി ഭീഷണി സന്ദേശങ്ങൾ വരുന്നതെന്ന് ഇരുവരും പരാതിയിൽ പറയുന്നു. സംഭവം നടന്ന അന്ന് മുതൽ ഇരുവർക്കും പൊലീസ് സംരക്ഷണം നൽകുന്നുണ്ട്.

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി ഫർസീൻ മജീദിനും രണ്ടാം പ്രതി ആർ കെ നവീൻകുമാറിനും കോടതി ജാമ്യം അനുവദിചക്കുകയും ചെയ്തിരുന്നു. മൂന്നാം പ്രതി സുജിത് നാരായണന് കോടതി മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിരുന്നു.മുഖ്യമന്ത്രിക്കെതിരെ പ്രതികള്‍ക്കുണ്ടായിരുന്നത് രാഷ്ട്രീയ വിരോധം മാത്രമാണെന്നും ആയുധവുമായല്ല വിമാനത്തിൽ കയറിയതെന്നും വിലയിരുത്തിയാണ് കോടതി മൂന്നുപേർക്കും ജാമ്യം അനുവദിച്ചത്. പ്രതിഷേധം ഗൂഡാലോചനയുടെ ഭാഗമായിരുന്നില്ലെന്നും പെട്ടെന്ന് തീരുമാനിച്ചതാണെന്നും ജാമ്യത്തിലിറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞിരുന്നു.എന്നാല്‍, കേസ് അന്വേഷണം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നാണ് പ്രത്യേക അന്വേഷണം സംഘം അറിയിക്കുന്നത്.

മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ സഞ്ചരിക്കാൻ അവസാന നിമിഷം ഒന്നാം പ്രതി ഫർസീൻ മജീദ് മൂന്ന് ടിക്കറ്റെടുത്തത് ഗൂഢാലോചനയുടെ തെളിവാണെന്നാണ് പൊലീസ് നിലപാട്. 23 മിനിറ്റ് പ്രതികള്‍ വീമാനത്താവളത്തിൽ ഗൂഢാലോചന നടത്തിയെന്നതിന് തെളിവുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. മുഖ്യമന്ത്രിയുടെ അടുത്തേക്ക് പാഞ്ഞടുത്തു എന്നതിന് സാക്ഷിമൊഴികളുണ്ട്. എന്നാല്‍, ഇൻഡിഗോ നടത്തുന്ന ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പൊലീസ് റിപ്പോർട്ടിന് എതിരാണെങ്കിൽ അത് കേസിനെ ദുർബലപ്പെടുത്തും.

സാക്ഷി മൊഴികളിലും സാഹചര്യ തെളിവുകളിലും മാത്രമാണ് വധശ്രമക്കേസ് നിൽക്കുന്നത്. ഇത് അന്വേഷണ സംഘത്തിന് മുന്നിലെ വെല്ലുവിളിയാണ്. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് വധശ്രമക്കേസ് പരിഗണിക്കുന്നത്. ഏവിയേഷൻ വകുപ്പുകള്‍ ചുമത്തിയിട്ടുള്ള കേസായതിനാൽ എൻഐഎ കോടതി പോലെ  ഒരു പ്രത്യേക കോടതിയിലേക്ക് തുടർ വിചാരണകള്‍ മാറ്റാണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാരിനെ പൊലീസ് സമീപിക്കാനും നീക്കമുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version