//
14 മിനിറ്റ് വായിച്ചു

വന്‍ സുരക്ഷാ വീഴ്ച; മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ചില്ലിടിച്ച് തകര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ബ്ലോക്ക് ഭാരവാഹി സോണി പനന്താനത്തിന് എതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം തൃക്കാക്കര പൊലീസ് കേസ് എടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കും.

കാക്കനാട് വെച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചാടി വീണ് ചില്ല് ഇടിച്ച് തകര്‍ക്കുകയായിരുന്നു. ഇയാളുടെ കൈക്ക് പരിക്കേറ്റു. പിടിച്ചു മാറ്റിയ പൊലീസുകാരന്റെ വിരലിനും പൊട്ടലുണ്ട്.

അതേസമയം, മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതില്‍ പൊലീസിന് വലിയ വീഴ്ചയാണുണ്ടായിരിക്കുന്നത്.കാക്കനാട് സര്‍ക്കാര്‍ പ്രസിലെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് മുഖ്യമന്ത്രി പുറത്തിറങ്ങിയപ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ അപ്രതീക്ഷിത കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ബ്ലോക്ക് ഭാരവാഹി സോണി പനന്താനം മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചാടിവീണ് ഗ്ലാസിലിടിക്കുകയായിരുന്നു.

ചെറിയ റോഡ് ആയതിനാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വാഹനത്തില്‍ നിന്നിറങ്ങി ഇയ്യാളെ തടയാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ഗ്ലാസില്‍ സോണി ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗ്ലാസ് പൊട്ടി ഇയാളുടെ കൈയിലും പരിക്കേറ്റു. മുഖ്യമന്ത്രി സുരക്ഷക്കായി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് സോണിയെ പിന്തിരിപ്പിച്ചത്.

പിടിച്ചുമാറ്റിയ പൊലീസുദ്യോഗസ്ഥനും പരുക്കേറ്റിട്ടുണ്ട്. വിരലിന് പൊട്ടലുണ്ടെന്നും പൊലീസ് അറിയിച്ചു. പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത സോണിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം തൃക്കാക്കര പൊലീസ് കേസ് എടുത്തു.

നേരത്തെ ആലുവയിലും കളമശേരിയിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോ പി ആന്റോ, ജില്ലാ സെക്രട്ടറി രാജേഷ് പുത്തനങ്ങാടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവിധയിടങ്ങളിലെ പ്രതിഷേധം.

പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രിക്ക് നേരെയുള്ള പ്രതിഷേധത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. മുഖ്യമന്ത്രിയെ ആക്രമിക്കുന്നത് കോണ്‍ഗ്രസ് അജണ്ടയെന്ന് കോടിയേരി വിമര്‍ശിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!