/
14 മിനിറ്റ് വായിച്ചു

ഇന്ധനവിലയില്‍ നിന്ന് രക്ഷപ്പെടാന്‍ സിഎന്‍ജി ഓട്ടോ വാങ്ങി; നിറയ്ക്കാന്‍ ഓടേണ്ടത് 80 കിലോമീറ്റര്‍

കണ്ണൂ‍‍ർ: കണ്ണൂർ പയ്യന്നൂരിലെ സിഎൻജി ഓട്ടോ ഡ്രൈവർമാർ ദുരിതത്തിൽ. പയ്യന്നൂരിന് സമീപം സിഎൻജി പമ്പുകളില്ലാത്തതാണ് ഇവരുടെ ദുരിതത്തിന് കാരണം. ഏജന്റുമാരുടെയും സർക്കാരിന്റെയും വാക്ക് വിശ്വസിച്ച് പ്രകൃതി വാതക ഓട്ടോകൾ സ്വന്തമാക്കിയവർ ഇന്ന് 80 കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഇന്ധനം നിറയ്ക്കുന്നത്.പയ്യന്നൂർ നഗരത്തിൽ മാത്രം അൻപതോളം സി എൻ ജി ഓട്ടോറിക്ഷകളുണ്ട്. ശബ്ദമലിനീകരണം കുറഞ്ഞ കരിയും പുകയുമില്ലാത്ത പ്രകൃതി സൗഹൃദ വാഹനങ്ങളാണ് സിഎൻജി ഓട്ടോറിക്ഷകൾ.

എന്നാൽ ഈ ഓട്ടോറിക്ഷകൾക്ക് ഇന്ധനം നിറയ്ക്കാൻ 40 കിലോമീറ്റർ സഞ്ചരിച്ച് കണ്ണൂർ പള്ളിക്കുന്നിലെ സെൻട്രൽ ജയിലിനു മുന്നിലെ പമ്പിലെത്തണം. ഇരു ദിശകളിലേക്കും കൂടി 80 കിലോമീറ്റർ ദൂരം. രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ ഇന്ധനം നിറയ്ക്കണമെന്നതും ഡ്രൈവർമാർക്ക് പ്രയാസമാണ്. ഇതിനായി രണ്ട് മണിക്കൂറിലേറെ സമയനഷ്ടവും ഓട്ടോ ഡ്രൈവർമാർ സഹിക്കണം.

‘മാർച്ച് അവസാനത്തോടെ സിഎൻജി വാഹനങ്ങൾ വ്യാപകമായി വരുമെന്നാണ് കരുതിയത്. ഏജന്റുമാരും ഇത് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ നിറയ്ക്കാൻ കണ്ണൂരേക്ക് തന്നെ പോണം. രണ്ട് മണിക്കൂർ സമയനഷ്ടമാണ് കാസർഗോഡ് ജില്ലയിൽ എവിടെയും സിഎൻജി പമ്പുകൾ ഇല്ല. പ്രകൃതി സൗഹൃദ വണ്ടിയാണെന്ന് പറഞ്ഞതാണ് കൊണ്ടും എടുത്തത്. ഗെയിൽ വന്ന് കഴിഞ്ഞാൽ വ്യാപകമായി സിഎൻജി വാഹനങ്ങൾ വരുമെന്നാണ് സർക്കാരും എജന്റുമാരും പറഞ്ഞത്’, സിഎൻജി ഡ്രൈവറായ ദാമോദരൻ പറഞ്ഞു.

‘ഇന്ധനം സമീപത്ത് ഇല്ലാത്തത് മൂലം വളരെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. സാമ്പത്തികമായും വലിയ ബുദ്ധിമുട്ടിലാണ്. വണ്ടി നല്ലത് തന്നെയാണ്. പുകയില്ല, പ്രകൃതി സൗഹാർദമാണ് അന്തരീക്ഷ മലിനീകരണമില്ല. പക്ഷെ ഇന്ധനം നിറയ്ക്കാൻ രണ്ട് മണിക്കൂറോളം സഞ്ചരിക്കണ്ടി വരികയാണ്. സമീപത്ത് തന്നെ ഒരു ഇന്ധന ടാങ്ക് നിർമ്മിക്കാൻ അധികൃതരോട് ആവശ്യപ്പെടുകയാണ്,’ സിഎൻജി ഡ്രൈവറായ മനോജ് പറഞ്ഞു. ഇന്ധനവിലവർധന കുതിച്ചുയരുമ്പോൾ പരിഹാരം എന്ന നിലയിലാണ് പലരും സിഎൻജി ഓട്ടോകൾ വാങ്ങിയത്.

എന്നാൽ ഡീലർമാരുടെയും മറ്റ് അധികാരികളുടെയും വാക്ക് വിശ്വസിച്ച ഇവർ ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. പിലാത്തറ, പരിയാരം, തളിപ്പറമ്പ്, ഭാഗങ്ങളിലെ റിക്ഷാ ഡ്രൈവർമാരും സമാന ദുരിതമാണ് അനുഭവിക്കുന്നത്. പിലാത്തറയും ചെറുവത്തൂരുമെല്ലാം പമ്പുകൾ പ്രവർത്തനമാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ഡ്രൈവർമാർ. പല കാരണങ്ങൾ പറഞ്ഞ് ഇവയും നീണ്ടു പോകുന്നതാണ് ഇവരുടെ മറ്റൊരു ആശങ്ക.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version