സംസ്ഥാനത്തെ സമുദായം വ്യക്തമാക്കാത്ത എയ്ഡഡ് സ്കൂളുകൾക്ക് ഇനി മുതൽ കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം അനുവദിക്കില്ല.ഇതുവരെ അനുവദിച്ചിരുന്ന 10 ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ ജനറൽ മെറിറ്റിലേക്ക് മാറ്റി. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി. ന്യൂനപക്ഷ – പിന്നാക്ക സമുദായ എയ്ഡഡ് സ്കൂളുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ മാനേജ്മെന്റ് ക്വാട്ടയിലും കമ്മ്യൂണിറ്റി ക്വാട്ടയിലും 20 ശതമാനം സീറ്റുകളാണ് അനുവദിച്ചു പോരുന്നത്. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം മാനേജ്മെന്റ് ക്വാട്ടയ്ക്കൊപ്പം സ്കൂൾ മാനജ്മെന്റിന്റെ സമുദായത്തിലെ കുട്ടികൾക്ക് കമ്മ്യൂണിറ്റി ക്വാട്ടയിലും 10 ശതമാനം സീറ്റും അനുവദിക്കും. എന്നാൽ ഇത്തരത്തിൽ പ്രവേശനം നൽകുന്ന പല എയ്ഡഡ് സ്കൂളുകളും സമുദായം വ്യക്തമാക്കിക്കൊണ്ടല്ല പ്രവർത്തിക്കുന്നതെന്ന് സർക്കാർ അന്വേഷണത്തിൽ തെളിഞ്ഞു. ഇതേ തുടർന്നാണ് സർക്കാരിന്റെ പുതിയ നീക്കം. പ്ലസ് വൺ പ്രവേശന വേളയിലെ സർക്കാരിന്റെ ഉത്തരവ് പല എയ്ഡഡ് സ്കൂളുകൾക്കും തിരിച്ചടിയാണ്. എന്നാൽ സമുദായം വ്യക്തമാക്കി പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂളുകൾക്ക് പത്ത് ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.