///
14 മിനിറ്റ് വായിച്ചു

24 വര്‍ഷം കാടുകയറി ആദിവാസി കുട്ടികളെ പഠിപ്പിച്ച അധ്യാപികയെ തൂപ്പുകാരിയാക്കിയെന്ന് പരാതി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

24 വര്‍ഷമായി ഏകാധ്യാപക വിദ്യാലയത്തില്‍ അധ്യാപികയായിരുന്ന ഉഷാ കുമാരിയെ തൂപ്പുകാരിയായി നിയമിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അമ്പൂരി കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായിരുന്ന ഉഷാ കുമാരിയെ പിഎസ്എന്‍എം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വീപ്പര്‍ തസ്തികയിലേക്ക് നിയമിച്ചിരുന്നു. ഇതിനെതിരെ സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് റഹ്മാന്‍ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്.സംസ്ഥാനത്തെ മലയോര- തീരദേശ മേഖലകളിലെ ശേഷിക്കുന്ന 272 ഏകാധ്യാപക വിദ്യാലയങ്ങളും ഈ അധ്യയന വര്‍ഷത്തോടെ പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇവിടുത്തെ അധ്യാപകരെ സ്വീപ്പര്‍ തസ്തികകളില്‍ നിയമിക്കാന്‍ ഉത്തരവായിരുന്നു. ഇതിന്റെ ഭാഗമായായിരുന്നു ഉഷാ കുമാരി ടീച്ചറേയും സ്വീപ്പര്‍ പോസ്റ്റിലേക്ക് നിയമിച്ചത്. ഇതിന് പിന്നാലെ അമ്പൂരിയിലെ സ്‌കൂളില്‍ നിന്നും ഉഷാ കുമാരി കഴിഞ്ഞ ദിവസം പടിയിറങ്ങിയിരുന്നു.കഴിഞ്ഞ 24 വര്‍ഷമായി അഗസ്ത്യ കുന്നത്തുമല ഏകാധ്യാപക വിധ്യാലയത്തിലെ അധ്യാപകിയാണ് ഉഷാ കുമാരി. അഗസ്ത്യാര്‍ കൂടത്തിനിരികിലായി പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ ആദിവാസി ഊരുകളില്‍ നിന്നുള്ള കുട്ടികളാണ് ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളുള്ള വിദ്യാലയത്തില്‍ പഠിക്കുന്നത്. നേരത്തെ കൊവിഡ് കാരണം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഒന്നാകെ അടച്ചിട്ടപ്പോള്‍ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്ലാസുകള്‍ ഉഷാ കുമാരി ടീച്ചറുടെ നേതൃത്വത്തില്‍ നല്‍കിയിരുന്നു.തോണി സ്വയം തുഴഞ്ഞ് കാടും മലയും കടന്നായിരുന്നു ടീച്ചര്‍ ഈ വിദ്യാലയത്തില്‍ എത്തിയിരുന്നത്. മഴക്കാലത്തും മറ്റും ഇവിടെയെത്തിച്ചേരുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. ഇതെല്ലാം മറികടന്നും കഴിഞ്ഞ 24 വര്‍ഷമായി ഈ ഏകാധ്യാപക വിദ്യാലയത്തിലെത്തി ജോലി ചെയ്ത ടീച്ചറെ ഒറ്റ രാത്രികൊണ്ട് സ്വീപ്പര്‍ തസ്തികയിലേക്ക് നിയമിച്ചതിനെതിരെ കടുത്ത വിമര്‍ശനമായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നത്.വിവിധ തലത്തില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ഉഷാ കുമാരിയെ ഓഫീസ് അസിസ്റ്റന്റായി നിയമിക്കാം എന്ന് ഉറപ്പ് നല്‍കിയിരുന്നതായും ഇവരില്‍ നിന്നും സര്‍ക്കാരിനെ അടുത്ത ഒരു വര്‍ഷം വിമര്‍ശിക്കരുത് എന്ന് ബോണ്ട് എഴുതി വാങ്ങിയെന്നും മുജീബ് റഹ്മാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. ഉഷാ കുമാരിയുടെ സേവനം കണക്കിലെടുത്ത് അവരെ ഉയര്‍ന്ന തസ്തികയില്‍ നിയമിക്കണമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version