തളിപ്പറമ്പ്: സി പി ഐ പ്രവര്‍ത്തകനെ സി.പിഎമ്മുകാര്‍ കാര്‍ തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി, ഇദ്ദേഹം സഞ്ചരിച്ച കാറും തകര്‍ത്തു. മാന്തംകുണ്ടിലെ കരിയില്‍ ബിനുവിനാണ്(43)മര്‍ദ്ദനമേറ്റത്. ബിനുവിന്റെ കെ.എല്‍.59 ഇ.407 മാരുതി സ്വിഫ്റ്റ് കാറും അടിച്ചു തകര്‍ത്തിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. അടുത്തിടെ സി.പി.എം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയില്‍ ഉണ്ടായ പാര്‍ട്ടി അച്ചടക്ക നടപടികള്‍ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ വാക്പോരുകളാണ് അക്രമത്തിന് കാരണമെന്ന് സി.പി.ഐ നേതാക്കള്‍ ആരോപിച്ചു.
സി.പി.എം പ്രവര്‍ത്തകരായ പി.വി.സുരേഷ്കുമാര്‍, കെ.പ്രേമരാജന്‍, പൂനത്തറ രമേശന്, കെ.വി.രാജേഷ്, അതുല്‍, ശ്രീകേഷ് എന്നിവരാണ് അക്രമം നടത്തിയതെന്ന് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. അതേസമയം ജൂണ്‍-4 ന് മാന്തംകുണ്ടില്‍ സംഘടിപ്പിക്കുന്ന സി.പി.എം ജില്ലാ സെക്രട്ടെറി എം.വി.ജയരാജന് പങ്കെടുക്കുന്ന രാഷ്ടീയവിശദീകരണയോഗത്തിന്റെ പോസ്റ്ററുകളും ബോര്‍ഡുകളും തയ്യാറാക്കുന്നതിനിടയില്‍ രാത്രി 11 മണിയോടെ അമിതമായി മദ്യപിച്ച് കാറിലെത്തിയ ബിനു തങ്ങളെ ആക്രമിച്ചതായി കാണിച്ച് പി.വി.സുരേഷ്കുമാറും കെ.വി.രാജേഷും തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സംഭവമറിഞ്ഞ് തളിപ്പറമ്പ് പോലീസ് രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു. കരിയില്‍ ബിനുവിന് നേരെ നടന്ന അക്രമത്തിലും കാര്‍ തകര്‍ത്തതിലും പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം മാന്തംകുണ്ടില്‍ സി.പി.ഐ പ്രതിഷേധപ്രകടനം നടത്തുമെന്ന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന് അറിയിച്ചു.