കൊച്ചി > അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിച്ചു എന്ന പരാതിക്കു പിന്നാലെ നടൻ വിനായകന്റെ ഫ്ലാറ്റിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. വ്യാഴാഴ്ച ഉച്ചക്ക് 3.30 ഓടെയാണ് സംഭവം.
ഫെയ്സ്ബുക് ലൈവിലൂടെ വിനായകൻ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചതായി പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിനായകന്റെ ഫ്ലാറ്റിന്റെ വാതിൽ തകർത്ത് അതിക്രമിച്ചുകയറാൻ ശ്രമിച്ചത്. മുദ്രാവാക്യം മുഴക്കിയെത്തിയ യൂത്ത് കോൺഗ്രസുകാർ കലൂർ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ലാറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. വാതിലിൽ ഇരുമ്പുകമ്പികൊണ്ട് അടിച്ചെന്നും ഫ്ലാറ്റിലെ ജനൽച്ചില്ലുകൾ തകർത്തെന്നും പരാതിയുണ്ട്. തുടര്‍ന്ന് പൊലീസും ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്നാണ് ഇവരെ മാറ്റിയത്.