/
16 മിനിറ്റ് വായിച്ചു

വ്യാജ നഗ്ന വീഡിയോ പ്രചരിപ്പിക്കൽ; കോൺഗ്രസുകാരുടെ ‘കോട്ടയം കുഞ്ഞച്ചൻ’ വീണ്ടും അറസ്റ്റിൽ

പാലക്കാട് > സിപിഐ എം നേതാക്കളുടെ ഭാര്യമാരെയും ഇടതുപക്ഷ വനിതാ നേതാക്കളെയും പ്രവര്‍ത്തകരേയും  ലൈംഗീകാധിക്ഷേപവും ലൈംഗീകാതിക്രമത്തിന് ആഹ്വാനവും നടത്തിയ കോണ്‍ഗ്രസ് നേതാവ് ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന അബിൻ വീണ്ടും അറസ്റ്റില്‍. പാറശാല കോടങ്കര സ്വദേശി അബിന്‍ കോടങ്കരയെ പാലക്കാട് ശ്രീകൃഷ്ണപുരം പൊലീസാണ് അറസ്റ്റ് ചെയ്ത‌ത്. പാലക്കാടുള്ള വനിതാ നേതാവിന്റെ വ്യാജനഗ്ന വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച കേസിലാണ് അറസ്റ്റ്.
തിരുവനന്തപുരം ഡിസിപി നിതിന്‍രാജിന്റെ നേതൃത്വത്തലുള്ള പ്രത്യേകാന്വേഷണ സംഘം  സമാന കേസിൽ അബിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള , കോൺ​ഗ്രസിന്റെ സൈബർ മുഖം കൂടിയായ അബിൻ കോടങ്കര വാർഡ് പ്രസിഡന്റും കെഎസ്‌യു  മണ്ഡലം വൈസ് പ്രസിഡന്റുമാണ്.
എ എ റഹീം എംപിയുടെ ഭാര്യ അമൃത, അന്തരിച്ച യുവജന നേതാവ് പി ബിജുവിന്റെ ഭാര്യ ഹര്‍ഷ, തിരുവനന്തപുരം സ്വദേശി സിന്ധു ജയകുമാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലായിരുന്നു നേരത്തെ അറസ്റ്റ്. രണ്ടാഴ്‌ച മുമ്പാണ്  കോട്ടയം കുഞ്ഞച്ചന്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങളും ലൈംഗീകാതിക്രമത്തിനുള്ള ആഹ്വാനവുമായി പോസ്റ്റുകളിട്ടത്. പൊലീസില്‍ പരാതിപ്പെട്ടുവെന്നറിഞ്ഞിട്ടും ഇയാള്‍ അശ്ലീല പോസ്റ്റുകളിടുന്നത് തുടരുകയായിരുന്നു.

ഈ കേസിൽ പ്രതിക്ക്‌ ജാമ്യമെടുക്കാൻ കോടതിയിലെത്തിയത്‌ കോൺഗ്രസ്‌ അഭിഭാഷകരായിരുന്നു. കോൺഗ്രസ്‌ ഐടി സെൽ കൺവീനർ എസ്‌ സരിനായിരുന്നു ജാമ്യത്തിനായി ഇടപെട്ടത്‌.  ലോയേഴ്‌സ്‌ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറികൂടിയായ മൃദുൽ ജോണിന്റെ ഓഫീസാണ്‌ പ്രതിയുടെ വക്കാലത്ത്‌ ഏറ്റെടുത്തത്‌. മൃദുൽ കൊച്ചിയിലായിരുന്നതിനാൽ ജൂനിയർ അഭിഭാഷകരാണ്‌ കോടതിയിലെത്തിയത്‌.
ഉന്നത കോൺഗ്രസ്‌ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ്‌ കേസിലെ പ്രതി അബിൻ. രമേശ്‌ ചെന്നിത്തല, ചാണ്ടി ഉമ്മൻ, ഉമ്മൻചാണ്ടി, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർക്കൊപ്പമുള്ള ഇയാളുടെ ചിത്രങ്ങൾ പുറത്തുവരികയും ചെയ്‌തു. എന്നാൽ, അബിൻ അറസ്റ്റിലായ ശേഷം ഔദ്യോഗികമായി പ്രതികരിക്കാൻ നേതാക്കളാരും തയ്യാറായിരുന്നില്ല.
അതിനിടെയാണ്‌ തലസ്ഥാനത്തെ കോൺഗ്രസിന്റെ തലമുതിർന്ന അഭിഭാഷകനെ കേസ്‌ ഏൽപ്പിച്ചത്‌. പാർടി നേതൃത്വമാണ്‌ കേസ്‌ കൈകാര്യം ചെയ്യുന്നത്‌.  മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ച സംഭവം, എ കെ ജി സെന്ററിനെതിരായ ആക്രമണം തുടങ്ങിയ പ്രധാന കേസുകളിൽ കോൺഗ്രസുകാരായ പ്രതികൾക്കായി കോടതിയിലെത്തിയതും മൃദുൽ ജോണായിരുന്നു. പ്രതിക്ക്‌ കോടതി കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. സമൂഹ മാധ്യമങ്ങളിൽ പുതിയ പോസ്റ്റുകൾ ഇടരുതെന്നും സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ടായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version