തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ വർധിക്കുമ്പോൾ നിർണായകമായ അവലോകന യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി മുഖ്യമന്ത്രി ഓൺലൈനായി യോഗത്തിൽ സംബന്ധിക്കും. കഴിഞ്ഞ അവലോകന യോഗത്തിൽ സ്വീകരിച്ച നടപടികൾ തുടർന്നാൽ മതിയോ എന്നാണ് പ്രധാനമായും യോഗം ചർച്ച ചെയ്യുക. കൂടുതൽ സിഎഫ്എൽടിസികൾ തുറക്കേണ്ടത് സംബന്ധിച്ചും കൊവിഡ് ബ്രിഗേഡ് നിയമനം വേഗത്തിലാക്കുന്നതടക്കമുള്ള കാര്യങ്ങളും യോഗം ചർച്ച ചെയ്യും.
വാരാന്ത്യ നിയന്ത്രണം മതിയോ?
കൊവിഡ് മൂന്നാം തരംഗം ആഞ്ഞടിക്കുമ്പോൾ ഏർപ്പെടുത്തിയ ഞായറാഴ്ച നിയന്ത്രണം ഇന്നലെ നടപ്പാക്കിയിരുന്നു. വരുന്ന ഞായറാഴ്ചയും ഇത് തുടരുമെന്നാണ് കഴിഞ്ഞ അവലോകന യോഗത്തിൽ എടുത്ത തീരുമാനം. എന്നാൽ, പ്രതിദിന കൊവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ വാരാന്ത്യ നിയന്ത്രണം മാത്രം മതിയോ എന്നാണ് പ്രധാനമായും അവലോകന യോഗത്തിൽ ചർച്ച ചെയ്യുക. ഞായറാഴ്ച നിയന്ത്രണം ഫലപ്രദമായി നടപ്പാക്കാനായോ എന്ന് യോഗം വിലയിരുത്തും. ഇതിനിടെ ആരോഗ്യ പ്രവർത്തകർക്കിടയിലും പൊലീസിലും കൊവിഡ് കേസുകൾ കൂടുന്നത് സർക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്.