ഫോണുകളില്‍നിന്ന് കൊവിഡ് അറിയിപ്പുകള് നീക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. നിര്‍ണായക കോളുകള്‍ വൈകുന്നു എന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. ഇക്കാര്യം വ്യക്തമാക്കി പ്രീ കോള്‍ അറിയിപ്പുകളും കോളര്‍ ട്യൂണുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് ആരോഗ്യ മന്ത്രാലയത്തിനു കത്തയച്ചു.സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയില്‍ (സിഒഎ) നിന്നും മൊബൈല്‍ വരിക്കാരില്‍നിന്നും ഇതുവരെ ലഭിച്ച പിന്തുണയെക്കുറിച്ച് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.ആവശ്യത്തോട് ആരോഗ്യമന്ത്രാലയം അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് അടുത്തവൃത്തങ്ങള്‍ നല്കുന്ന സൂചന.കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതിനാല്‍ ഫോണിലൂടെയുള്ള ബോധവല്‍ക്കരണം ഇനി തുടരേണ്ടതില്ലെന്നാണ് മന്ത്രാലയവും കരുതുന്നത്.