കോഴിക്കോട്: സിപിഎമ്മിനും പൊലീസ് വകുപ്പിനുമെതിരെ അതിരൂക്ഷ വിമർശനനവുമായി സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോർട്ട്. അലൻ്റേയും താഹയുടെയും അറസ്റ്റിനേയും അട്ടപ്പാടിയിലും വയനാട്ടിലും മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തിയതും ഇടതുപക്ഷ നയങ്ങൾക്ക് വിരുദ്ധമാണെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
മാവോയിസ്റ്റ് മുദ്ര ചാർത്തി വിദ്യാർഥികളായ അലനേയും താഹയേയും അറസറ്റ് ചെയ്ത നടപടി ഒരു ഇടതുപക്ഷ സർക്കാരിൽ നിന്നും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു. ഇടതുപക്ഷ ആശയങ്ങളിൽ വെള്ളം ചേർത്തും മുന്നണി മര്യാദങ്ങൾ ലംഘിച്ചും സർക്കാരും സിപിഎമ്മും മുന്നോട്ട് പോയത് സർക്കാറിനെ പ്രതിസന്ധിയിലാക്കിയെന്നും രാഷ്ട്രീയ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. അട്ടപ്പാടിയിലും വയനാട്ടിലും മാവോയിസ്റ്റുകളെ കേരള പൊലീസ് വെടിവെച്ച് കൊന്നത് ഇടത്പക്ഷ വിരുദ്ധ സമീപനമെന്നും വിമർശനമുണ്ട്.
കെ റെയിൽ പദ്ധതിയിൽ കാണിച്ച അനാവശ്യ തിടുക്കം സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നും ഇക്കാര്യത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കേണ്ടതുണ്ടെന്നും രാഷ്ട്രീയ റിപ്പോർട്ടിൽ പറയുന്നു. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വമാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
കോഴിക്കോട് കോടഞ്ചേരി വില്ലേജിലെ തോട്ടഭൂമി തരംമാറ്റമടക്കമുളള വിഷയങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയരും. ഭൂപരിഷ്കരണ നിയമത്തില്‍ അഭിമാനം കൊളളുന്ന പാര്‍ട്ടിയാണ് സിപിഐ. നിയമം അട്ടിമറിക്കാനുളള ഏതൊരു നീക്കത്തെയും നഖശിഖാന്തം എതിര്‍ക്കുമെന്നതാണ് പാര്‍ട്ടിയുടെ പരസ്യ നിലപാട്. എന്നാല്‍ നിയമ ലംഘനത്തിന് പാര്‍ട്ടി നേതൃത്വവും പാര്‍ട്ടി ഭരിക്കുന്ന റവന്യൂ വകുപ്പും കൂട്ടു നില്‍ക്കുന്നതാണ് കോഴിക്കോട്ടെ കോടഞ്ചേരിയില്‍ കണ്ടത്.
മര്‍ക്കസ് നോളജ് സിറ്റിയുടെയും എന്‍റര്‍ടെയ്ന്‍മെന്‍റ സിറ്റിയുടെയും നിര്‍മാണത്തിനായി തോട്ടഭൂമി തുണ്ടുതുണ്ടാക്കുകയും ഇടിച്ചുനിരത്തി വന്‍കിട നിര്‍മാണം നടത്തുകയും ചെയ്തതിനെതിരെ പാര്‍ട്ടി പ്രാദേശിക ഘടകങ്ങള്‍ നിലപാടടെടുത്തെങ്കിലും ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ മൗനം പാലിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയാകട്ടെ പാര്‍ട്ടി കമ്മിറ്റി ഒഴിവാക്കി നോളജ് സിറ്റി സന്ദര്‍ശിക്കുകയും ചെയ്തു. ജില്ലാ കളക്ടര്‍ തുടങ്ങിയ അന്വേഷണമാകട്ടെ പാതിവഴിയില്‍ നിലയ്ക്കുകയും ചെയ്തു.
ഫറോക്കിൽ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തില്‍ ഈ വിഷയങ്ങളെല്ലാം സജീവ ചര്‍ച്ചയാകും. വ്യവസായ സൗഹൃദത്തിന്‍റെ പേരില്‍ ഭൂനിയമങ്ങളില്‍ ഇളവ് ചെയ്യാനുളള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെയും വിമര്‍ശനമുയരും. നിലവിലെ ജില്ലാ സെക്രട്ടറി ടി.വി ബാലന്‍ ഇക്കുറി സ്ഥാനമൊഴിയും. പകരം ആര്‍. ശശി, കെകെ ബാലന്‍ എന്നിവരുടെ പേരാണ് പരിഗണനയില്‍. സെക്രട്ടറി സ്ഥാനത്തേക്ക് വനിതയെ പരിഗണിച്ചാല്‍ മഹിള ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പി. വസന്തയ്ക്കാണ് സാധ്യത. ജില്ലയിലെ വിവിധ ഘടകങ്ങളില്‍ നിന്നായി 200 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.