/
10 മിനിറ്റ് വായിച്ചു

സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയറ്റംഗം എൻ ഉണ്ണികൃഷ്ണൻ അന്തരിച്ചു

പട്ടാമ്പി > സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയറ്റംഗം എൻ ഉണ്ണികൃഷ്‌ണൻ (68) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന്‌ പെരിന്തൽമണ്ണ ഇ എം എസ്‌ സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴം വൈകിട്ട്‌ 5.53നാണ്‌ അന്ത്യം. രാത്രി പത്തുവരെ സിപിഐ എം പട്ടാമ്പി ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന്‌ വച്ചശേഷം ഓങ്ങല്ലൂർ കള്ളാടിപ്പറ്റയിലെ വീട്ടിലേക്ക്‌ കൊണ്ടുപോകും. സംസ്‌കാരം വെള്ളി പകൽ 11 ന്‌ ഷൊർണൂർ ശാന്തി തീരത്ത്‌ നടക്കും.

സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, റെയ്ഡ്‌കോ വൈസ് ചെയർമാൻ, ഷൊർണൂർ സർവീസ് ബാങ്ക് പ്രസിഡന്റ്, എഐആർടിഡബ്ല്യുഎഫ് അഖിലേന്ത്യാ സെക്രട്ടറി, ഓട്ടോ- ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ നിർവഹിച്ചുവരികയായിരുന്നു.

യൂത്ത് കോൺഗ്രസ് പട്ടാമ്പി ബ്ലോക്ക് പ്രസിഡന്റായിരുന്ന എൻ ഉണ്ണികൃഷ്ണൻ അടിയന്തരാവസ്ഥക്കുശേഷം കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച്‌ 1979 ലാണ്‌ സിപിഐ എമ്മിനൊപ്പം ചേർന്നത്‌. 1980 ൽനടന്ന കെഎസ്‌വൈഎഫ് ഓങ്ങല്ലൂർ പഞ്ചായത്ത് സമ്മേളനത്തിൽ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1981 ൽ ഡിവൈഎഫ്ഐ പട്ടാമ്പി ബ്ലോക്ക് കമ്മിറ്റി അംഗമായി. 1983 ൽ ബ്ലോക്ക് പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായി. ജില്ലാകമ്മിറ്റിയംഗം, ജില്ലാ എക്സിക്യൂട്ടീവംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

ഓങ്ങല്ലൂർ കൊറ്റരാട്ടിൽ പരേതനായ ഗണപതി നായരുടെയും ഞാളൂർ പാറുക്കുട്ടി അമ്മയുടെയും മകനാണ്‌. ഭാര്യ: രത്നാഭായ് (റിട്ട. മാനേജർ, കൊപ്പം സർവീസ് സഹകരണ ബാങ്ക്). മക്കൾ: എൻ യു സുർജിത്ത് (കെടിഡിസി മാനേജർ, കണ്ണൂർ), എൻ യു ശ്രീജിത്ത് (ഒറ്റപ്പാലം താലൂക്ക് എംപ്ലാേയീസ് സൊസൈറ്റി). മരുമക്കൾ: രൂപശ്രീ, നിമിത. സഹോദരങ്ങൾ: പ്രകാശൻ, തങ്കമണി, പ്രേമലത, പരേതനായ സുകുമാരൻ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version