സിപിഐ സംസ്ഥാന കൗണ്‍സിലിലേക്കുള്ള പട്ടികയിൽ നിന്ന് മുതിർന്ന നേതാവ് സി ദിവാകരനെ ഒഴിവാക്കി.തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന കൗൺസിലിൽ നിന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. സംസ്ഥാന കൗൺസിൽ പ്രതിനിധികളായി 101 പേരെ തിരഞ്ഞെടുക്കാനാണ് തീരുമാനം.
75 വയസ്സെന്ന ഉയര്‍ന്ന പ്രായപരിധി നടപ്പാക്കാന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി തീരുമാനിച്ചതാണ് സി ദിവാകരൻ പട്ടികയിൽ നിന്ന് പുറത്തുപോകാൻ കാരണമായത്. മുൻ സംസ്ഥാന കൗൺസിലിനെ അപേക്ഷിച്ച് അഞ്ച് അംഗങ്ങൾ ഈ പ്രാവിശ്യം പുതിയതായി പട്ടികയിലിടം നേടി.
ജില്ലാ കമ്മിറ്റികൾ യോഗം ചേർന്ന് സംസ്ഥാന കൗൺസിലിലേക്ക് അംഗങ്ങളെ തീരുമാനിക്കുകയാണ് ചെയ്യുന്നത്.സംസ്ഥാന കൗൺസിലിലേക്ക് തെരഞ്ഞെടുത്തുന്നുവരുടെ അംഗബലം നോക്കിയാകും സെക്രട്ടറി സ്ഥാനത്തേക്ക് മൽസരത്തിന് ഇറങ്ങണോ എന്ന് കാനം വിരുദ്ധ വിഭാഗം തീരുമാനിക്കുക.
അതേസമയം മുതിർന്ന നേതാക്കളായ സി ദിവാകരനും കെ ഇ ഇസ്മയിലിനുമെതിരെ സമ്മേളത്തിൽ ഉയർന്ന രൂക്ഷ വിമർശനം വിമത നീക്കങ്ങൾ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പരസ്യ പ്രതികരണം നടത്തിയ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കാൻ സിപിഐ ദേശീയ നേതൃത്വം അനുനയ നീക്കം നടത്തുന്നുണ്ടെന്ന് വിവരമുണ്ടായിരുന്നു.
ജില്ലാ തലത്തിൽ മത്സരം നടന്നേക്കുമെന്നും സൂചനയുണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറിയെയും കൗണ്‍സിലിനെയും കൺട്രോൾ കമീഷൻ അംഗങ്ങളെയും പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും ഇന്ന് തെരഞ്ഞെടുക്കാനിരിക്കെയാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. സിപിഐ 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും.