കണ്ണൂര്‍: ബോംബുകള്‍ നിര്‍മ്മിച്ചും അതു പ്രയോഗിച്ചും പൊതുസമൂഹത്തിനാകെ ഭീഷണിയായി അക്രമ തേര്‍വാഴ്ച നടത്തുന്ന ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാട് സിപിഎം നേതൃത്വം ഇനിയെങ്കിലും തിരുത്തണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.രാഷ്ട്രീയ പിന്‍ബലത്തില്‍ തഴച്ചു വളരുന്ന ക്രിമിനലുകളെ പോലീസിന് പോലും ഭയക്കേണ്ട സ്ഥിതിയാണ് കണ്ണൂരിലുള്ളത്. ക്രമസമാധാന പ്രശ്‌നമുണ്ടാകുന്നയിടങ്ങളില്‍ പോലീസിനെ സിപിഎമ്മിന്റെ ക്രിമിനലുകള്‍ അക്രമിക്കുന്ന സ്ഥിതി ജില്ലയുടെ പല ഭാഗങ്ങളിലുമുണ്ടായി. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതയുള്ള പോലീസിന് കെ റെയിലിന്റെ കുറ്റിക്ക് കാവല്‍ നില്‍ക്കുക മാത്രമായിരിക്കുന്നു പണിയെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പരിഹസിച്ചു.സിപിഎം ഗുണ്ടകള്‍ കൊലപ്പെടുത്തിയ ശുഹൈബിന്റെയും ശരത് ലാലിന്റെയും കൃപേഷിന്റെയും രക്തസാക്ഷിത്വ വാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി ‘പിണറായീ.. കൊല്ലരുത് ഞങ്ങളുടെ മക്കളെ…’ എന്ന മുദ്രാവാക്യമുയര്‍ത്തി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ അമ്മ നടത്തം പരിപാടി കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വന്തം പാര്‍ട്ടിയില്‍ പെട്ടൊരു ചെറുപ്പക്കാരന്റെ തല പോലും ബോംബേറില്‍ ചിതറിയിട്ടും ക്രിമിനല്‍ സംഘങ്ങളെ തള്ളിപ്പറയാന്‍ സിപിഎം നേതാക്കള്‍ തയ്യാറാകുന്നില്ല. ബോംബ് സംസ്‌കാരം ഞങ്ങള്‍ക്കില്ലെന്ന് എം വി ജയരാജനും കൂട്ടരും കവലപ്രസംഗം നടത്തിയാല്‍ പോര അത് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക കൂടി വേണം. കണ്ണൂര്‍ ജില്ലയിലെ സിപിഎം -ആര്‍എസ്എസ് കേന്ദ്രങ്ങളിലെല്ലാം ബോംബ് നിര്‍മ്മാണം കുടില്‍ വ്യവസായം പോലെ നടക്കുന്നു. ഇതു കണ്ടെത്താന്‍ പോലീസിനു സാധിക്കുന്നില്ല. ഭരണക്ഷിയുടെ സമ്മര്‍ദ്ദങ്ങളില്‍ പോലീസ് നിഷ്‌ക്രിയരാവുകയാണ്. സ്വന്തം ജില്ലയിലെ ക്രമസമാധാനനിലയെങ്കിലും ഭദ്രമാക്കാന്‍ ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് സാധിക്കണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.മഹിളാ കോണ്ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് രജനി രമാനന്ദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സരസ്വതി പി കെ, സി ടി ഗിരിജ,സുനിജ ബാലകൃഷ്ണൻ,ഡെയ്സി സ്കറിയ,ഇ പി ശ്യാമള,അമൃത രാമകൃഷ്ണൻ,ലിഷ ദീപക്,കെ പി വസന്ത,ടി പി വല്ലി,നസീമ ഖാദർ,കുഞ്ഞമ്മ തോമസ്,വത്സല എം പി,ശർമിള തലശ്ശേരി,ധനലക്ഷ്മി പി വി,ഉഷ കുമാരി,ശ്രീജ മഠത്തിൽ,ചഞ്ചലാക്ഷി തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.