/
13 മിനിറ്റ് വായിച്ചു

സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗം ഇന്ന്, പുതിയ കണക്ക് അവതരിപ്പിക്കാൻ നേതൃത്വം

കണ്ണൂർ: പയ്യന്നൂരിൽ സിപിഎമ്മിന്റെ അച്ചടക്ക നടപടി റിപ്പോർട്ട് ചെയ്ത ശേഷമുള്ള ആദ്യ ഏരിയ കമ്മിറ്റി യോഗം ഇന്ന് ചേരും. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ പങ്കെടുക്കും. പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിട നിർമാണ  ഫണ്ട്, ധൻരാജ് രക്തസാക്ഷി ഫണ്ട്, നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവ സംബന്ധിച്ച പുതിയ കണക്ക് യോഗത്തിൽ നേതൃത്വം അവതരിപ്പിച്ചേക്കും. നേരത്തെ അവതരിപ്പിച്ച കണക്കിൽ വ്യക്തത കുറവുണ്ടെന്ന് ഒരു വിഭാഗം നിലപാടെടുത്ത നിലയ്ക്ക് പുതിയ കണക്ക് അവതരിപ്പിക്കുന്നത് നേതൃത്വത്തിന് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. അവതരിപ്പിക്കുന്ന കണക്ക് തൃപ്തികരമല്ലെങ്കിൽ ഏരിയാ കമ്മിറ്റി അംഗങ്ങളിൽ ചിലർ ബദൽ കണക്ക് അവതരിപ്പിച്ചേക്കുമെന്ന ഭീഷണിയും പയ്യന്നൂരിൽ സിപിഎം നേരിടുന്നുണ്ട്.

പയ്യന്നൂരിൽ പാർട്ടി ഫണ്ടുകളിൽ ഒരു കോടിയോളം രൂപയുടെ തിരിമറി നടന്നു എന്ന് തെളിവ് സഹിതമുള്ള പരാതിയാണ് ജില്ലാ കമ്മിറ്റിക്ക് കിട്ടിയിരുന്നത്. അന്വേഷണത്തിന് ശേഷം ആരോപണവിധേനായ പയ്യന്നൂർ എംഎൽഎ, ടി.ഐ.മധുസൂധനനെ പാർട്ടി തരംതാഴ്ത്തുകയും  പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ മാറ്റുകയും ചെയ്തു. നടപടി സംബന്ധിച്ച് പയ്യന്നൂർ ഏരിയക്ക് കീഴിലെ 12 ലോക്കലുകളിലും ജനറൽ ബോഡി വിളിച്ച് ഒരേസമയം റിപ്പോർട്ടിംഗും നടത്തി. പാർട്ടിക്ക് ഒരു രൂപ പോലും നഷ്ടപ്പെട്ടില്ലെന്നും  ഫണ്ട് ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നതിൽ നേതാക്കൾക്ക് ജാഗ്രതക്കുറവ് ഉണ്ടായി എന്നുമാണ് നേതാക്കൾ വിശദീകരിച്ചത്.

പി.ജയരാജൻ പങ്കെടുത്ത കരിവെള്ളൂർ നോർത്ത് ലോക്കൽ ജനറൽ ബോഡിയിലും എം.പ്രകാശൻ പങ്കെടുത്ത വെള്ളൂരിലും,  പണം നഷ്ടപ്പെട്ടില്ല എന്ന് വെറുതെ പറഞ്ഞാൽ പോര കണക്ക് ബോധിപ്പിക്കണമെന്ന് അംഗങ്ങളിൽ ചിലർ ആവശ്യപ്പെട്ടു. ഇതോടെയാണ്  മൂന്ന് ഫണ്ടുകളുടെയും വിശദമായ വരവ് ചെലവ് കണക്ക് തയ്യാറാക്കി ബ്രാഞ്ച് കമ്മിറ്റികൾ വിളിച്ചുചേർത്ത് അവതരിപ്പിക്കാൻ പാർട്ടി ആലോചന തുടങ്ങിയത്. ഫണ്ട് തിരിമറി മൂടിവയ്ക്കുന്ന കണക്കുകളാണ് ഇതെങ്കിൽ രേഖകൾ പുറത്തുവിടാനാണ് പരാതി ഉന്നയിച്ച വി കുഞ്ഞികൃഷ്ണൻ ക്യാമ്പ് ആലോചിക്കുന്നത്. പയ്യന്നൂരിലെ നടപടി ഇന്ന് തുടങ്ങുന്ന സംസ്ഥാന കമ്മിറ്റിയിൽ കോടിയേരി റിപ്പോർട്ട് ചെയ്യും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version