പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയ്ക്ക് സംരക്ഷണം ഒരുക്കിയത് കൊലയാളിയാണെന്ന് അറിയാതെയെന്ന് പ്രതിയ്ക്ക് താമസ സൗകര്യമൊരുക്കിയതിന് അറസ്റ്റിലായ രേഷ്മയുടെ കുടുംബം. രേഷ്മയും ഭർത്താവ് പ്രശാന്തും സിപിഐഎം അനുഭാവികളാണ്. മറിച്ചുള്ള വാദങ്ങൾ തെറ്റാണ്. പ്രതി നിജിൽ ദാസിന്റെ ഭാര്യയാണ് രേഷ്മയോട് വീട് ആവശ്യപ്പെട്ടത്. സ്ഥിരമായി വാടയ്ക്ക് നൽകുന്ന വീടാണിതെന്നും രേഷ്മയുടെ അച്ഛൻ രാജൻ പറഞ്ഞു.നാലു ദിവസത്തേക്ക് നിജിലിന്റെ ഭാര്യ വീട് വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അവർ തന്നെയാണ് ഭർത്താവാണെന്ന് പറഞ്ഞ് നിജിലെ പരിചയപ്പെടുത്തുന്നത്. അതിനുമുൻപ് നിജിലുമായി ഒരു പരിചയവുമുണ്ടായിരുന്നില്ലെന്നും രേഷ്മയുടെ അച്ഛൻ പറഞ്ഞു.രേഷ്മ ബിജെപിയാണെന്ന ആരോപണങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അവരൊന്നും ജീവിതത്തിൽ ബിജെപിയായിട്ടില്ലെന്നായിരുന്നു അച്ഛന്റെ മറുപടി. പണ്ടു മുതലെ സിപിഐഎം ആണ്. അവരെന്ന് മാത്രമല്ല, ഞങ്ങളെല്ലാവരും പാർട്ടിയാണ്. അതിൽ ഇതുവരെയും ഒരു മാറ്റവും വിന്നിട്ടില്ലെന്നും രാജൻ പറഞ്ഞു. പിണറായി പെരുമ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചപ്പോൾ അന്ന് പാർട്ടി സഖാക്കളെ പാർപ്പിച്ചതും ഇവിടെയായിരുന്നു. ചില അപവാദ പ്രചരണം ഇതിന്റെ പേരിൽ നടക്കുന്നുണ്ടെന്നും കുടുംബം പറയുന്നു.സിപിഐഎം മുന്നോട്ട് വച്ചിരിക്കുന്ന നിലപാട് രേഷ്മയ്ക്ക് ജോലി വാങ്ങി നൽകിയതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കണമെന്നതാണ്. പ്രശാന്ത് അണ്ടല്ലൂരിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്ന പ്രശ്നങ്ങളിൽ ആർഎസ്എസുമായി സഹകരിച്ച് സമരം നടത്തിയ ആളാണെന്നും സിപിഐഎം വൃത്തങ്ങൾ പറയുന്നു.ഇന്നലെയാണ് പ്രതി നിജിലും വീട്ടുടമയും പിടിയിലായത്.മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് 300 മീറ്റർ മാത്രമേ പ്രതി ഒളിവിൽ കഴിഞ്ഞ വീട്ടിലേക്കുള്ളു. ഈ പ്രദേശത്ത് സുരക്ഷ ശക്തമാണ്. അടുത്ത കാലത്തായി സുരക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതി പ്രദേശത്തെ വീട്ടിൽ ഒളിവിൽ കഴിഞ്ഞതെന്നതും ശ്രദ്ധേയമാണ്.